sivadasamenon

പാലക്കാട്: മുൻ ധന,​ വൈദ്യുതി മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോൻ (90) അന്തരിച്ചു. ഇന്നലെ രാവിലെ 11.30ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

2016 മുതൽ മകൾ ലക്ഷ്മി ദേവിയുടെയും മരുമകനും മുൻ പ്രോസിക്യൂഷൻ ഡയക്ടർ ജനറലുമായ അഡ്വ. സി.ശ്രീധരൻ നായരുടെയും മഞ്ചേരിയിലെ വസതിയിലായിരുന്നു താമസം.

സംസ്‌കാരം ഇന്നുരാവിലെ 10.30ന് ഔദ്യോഗിക ബഹുമതികളോടെ ഈ വീട്ടുവളപ്പിൽ. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മറ്റൊരു മകൾ കല്യാണി. മരുമകൻ: സി.കെ. കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.

1987മുതൽ തുടർച്ചയായി മൂന്നുതവണ മലമ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ചു.

1977, 80, 84ൽ പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇ.കെ.നായനാരുടെ 1987ലെ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസനം, 96ലെ മന്ത്രിസഭയിൽ ധന,​ എക്സൈസ് എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

സി.പി.എം സംസ്ഥാന കമ്മിറ്റി,​ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1932ൽ മലപ്പുറത്താണ് ജനനം. മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ വോളന്ററി റിട്ടയർമെന്റ് എടുത്തു.

പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.ടി.എഫ് വൈസ് പ്രസിഡന്റ്, കെ.പി.ടി.യു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. 1980ൽ ജില്ലാ സെക്രട്ടറിയായി. വള്ളുവനാടൻ മാപ്പിള മലയാളം കലർത്തിയുള്ള അദ്ദേഹത്തിന്റെ നർമ്മം നിറഞ്ഞ പ്രസംഗം പ്രസിദ്ധമാണ്.