
ചെർപ്പുളശ്ശേരി: കാറ്റിലും മഴയിലും തകർന്ന വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. കഴിഞ്ഞ ഏപ്രിലിൽ കാറ്റിലും മഴയിലുമാണ് മേൽക്കൂര തകർന്നു വീണത്. താത്കാലികമായി ടാർ പോളീൻ ഷീറ്റുകൾ വലിച്ചു കെട്ടിയാണ് ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇത് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും കെട്ടിടം പണിയിലുണ്ടായ നിലവാരകുറവാണ് തകർച്ചക്കു കാരണമെന്നും, തകർച്ചയ്ക്കുത്തരവാദിയായ കരാറുകാരനും ജീവനക്കാർക്കുമെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഡി.സി.സി ജനറൽ സെക്രട്ടറി ഒ.വിജയകുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം പി.സ്വാമിനാഥൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി.കൃഷ്ണകുമാരി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.ടി.ചന്ദ്രശേഖരൻ, സി.എ.രാമകൃഷ്ണൻ, രാമദാസ് കുറുവട്ടൂർ, വി.കെ.ഗോവിന്ദൻകുട്ടി, പഞ്ചായത്ത് അംഗം പി.ഗീത, സി.റീന, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ദീപ, സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.