
മണ്ണാർക്കാട്: നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നഗര- ഗ്രാമവാസികൾ ഉൾപ്പെടെ പൊറുതിമുട്ടിയ അവസ്ഥയിലാണ്. റോഡോരത്തും മറ്റും കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് നേരെയും വിദ്യാർത്ഥികൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. കൂടാതെ ഇരുചക്രവാഹന യാത്രക്കാരും വലിയ അപകടഭീതിയിലാണ്. നായ്ക്കളുടെ എണ്ണം കൂടിയതോടെ വീടുകളുടെ മുൻവശത്തും മറ്റും നായ്ക്കൾ കയറി ഇറങ്ങുകയും വസ്തുക്കൾ നശിപ്പിക്കുകയും എടുത്തുകൊണ്ടു പോകുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇടക്കാലത്ത് തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം ഉൾപ്പെടെ നടത്തി വിടുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഈ പ്രവർത്തനം നിലച്ചിരിക്കുകയാണ്. നഗരസഭയ്ക്ക് നേരിട്ട് ഈ വിഷയം കൈകാര്യം ചെയ്യാനാവില്ലെന്നും ജില്ലാ പഞ്ചായത്താണ് ഇത് നടപ്പാക്കുന്നതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ ഇടപെടാൻ ജില്ലാ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ല എന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതിന്റെ പ്രവർത്തനത്തിനായുള്ള തുക വരെ മുൻകൂർ അടച്ചിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. നിലവിൽ ആരുടെ അനാസ്ഥയാണെങ്കിലും നായ്ക്കളുടെ ശല്യം മൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പ്രശ്നത്തിന് ഉടൻ നടപടി സ്വീകരിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് റോഡിലൂടെ പേടികൂടാതെ നടക്കാനും വാഹനം ഓടിക്കാനും കഴിയൂ.