sivadasamenon

പാലക്കാട്: ഏറ്റവുമൊടുവിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ടി.ശിവദാസമേനോൻ പ്രചാരണരംഗത്ത് സജീവമായിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു പിന്നീട് വിശ്രമം. ഇരുപത്തിയഞ്ചാം വയസിൽ സ്കൂൾ ഹെഡ് മാസ്റ്ററായി എന്ന അപൂർവ നേട്ടം കൈവരിച്ചു. ആശയ വ്യക്തതയും നർമ്മം കലർന്ന സംഭാഷണ ശൈലിയും പരന്ന വായനയും അണികൾക്കിടയിലും അനുഭാവികൾക്കിടയിലും അദ്ദേഹത്തെ പ്രിയപ്പെട്ട നേതാവാക്കി. വിഷയങ്ങൾ പഠിച്ച്,​ പ്രതിയോഗികളെ മാനിച്ചുള്ള വിമർശനവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും എല്ലാവരെയും സമഭാവനയോടെ കാണാനുള്ള കഴിവുമാണ് ശിവദാസമേനോന്റെ പ്രത്യേകതയെന്ന് രാഷ്ട്രീയ എതിരാളികൾപോലും പറയും.

സഭയിൽ എഫ്.ഐ.ആർ

വലിച്ചുകീറി പ്രതിഷേധം

പാലക്കാട്ട് സിറാജുന്നിസ എന്ന പെൺകുട്ടി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതും അതുമായി ബന്ധപ്പെട്ട് ശിവദാസമേനോൻ നിയമസഭയിൽ നടത്തിയ പ്രതിഷേധവും രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്ത സംഭവമായിരുന്നു. പള്ളിയിൽ പൊലീസ് ബൂട്ടിട്ടു കയറിയതും വെടിവയ്പ്പിനെയും സംബന്ധിച്ച് നിയമസഭയിൽ അദ്ദേഹം അടിയന്തര പ്രമേയം കൊണ്ടുവന്നു. ''സിറാജുന്നിസയുടെ മൃതദേഹം താൻ മോർച്ചറിയിൽ പോയി കണ്ടു. പൊലീസിന്റെ വീഴ്ച മൂലമാണ് ആ ബാലികയ്ക്കു ജീവൻ നഷ്ടപ്പെട്ടത്. 11 വയസുകാരിയായ സിറാജുന്നിസയെ ശവംതീനികൾ ബലിയാടാക്കി' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ അദ്ദേഹം പൊലീസ് എഫ്‌.ഐ.ആറിന്റെ കോപ്പി നിയമസഭയിൽ പരസ്യമായി വലിച്ചു കീറിയാണ് പ്രതിഷേധിച്ചത്.

ഒട്ടേറെ സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. മുത്തങ്ങ വെടിവയ്പും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിലും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‍ഡിവൈ.എസ്.പി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ ശിവദാസമേനോൻ ഉൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹം 24 ദിവസം ഐ.സി.യുവിൽ കഴിഞ്ഞു.