murder

 അരുംകൊല പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്ക്കേണ്ടെന്ന് പറഞ്ഞതിന്

മണ്ണാർക്കാട്: പല്ലുതേയ്ക്കാതെ ഒന്നരവയസുകാരൻ മകനെ ഉമ്മ വയ്ക്കേണ്ടെന്ന് പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ ദീപികയാണ് (28) മരിച്ചത്. ഭർത്താവ് അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ഏക മകൻ ഐവിന്റെ മുന്നിൽവച്ചായിരുന്നു കൊലപാതകം. കഴുത്തിനും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാരെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനു​പയോഗിച്ച കൊടുവാളും കൈയിൽപിടിച്ച് സമീപത്ത് അവിനാശമുണ്ടായിരുന്നു. നാട്ടുകാരാണ് അവിനാശിനെ പൊലീസിൽ ഏൽപ്പിച്ചത്.

കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതികൾ രണ്ടുമാസം മുമ്പാണ് മണ്ണാർക്കാട്ടേക്ക് താമസം മാറിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും ചികിത്സതേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.