
ചിറ്റൂർ: ജമ്പിംഗ് ജാക്സിൽ നിലവിലെ വേൾഡ് റെക്കോർഡ് മറികടന്ന കെ.കൃത്തികയെ ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രി സംരക്ഷണ സമിതി അനുമോദിച്ചു.നിലവിൽ ഗോവ സ്വദേശിയായ യഷ് വിവേക് പവാറിന്റെ റെക്കോർഡിനെ മറികടന്നാണ് 16കാരിയായ കൃത്തിക വേൾഡ് റെക്കോർഡിന് ഉടമയായത്. എലപ്പുള്ളി ജംഗത്തറയിൽ ശ്രീജയുടെ മകളാണ് കൃത്തിക. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മൂന്നുമാസം കൊണ്ടാണ് ജമ്പിംഗ് ജാക്സ് കൃത്തിക പരിശീലിച്ചത്. നിലവിലെ റെക്കോർഡായ 30 സെക്കൻഡിൽ 71 എണ്ണം എന്നതിനെ മറികടന്ന് 30 സെക്കൻഡിൽ 74 എണ്ണം ജമ്പിംഗ് ജാക്സ് ചെയ്താണ് കൃത്തിക ചരിത്രം സൃഷ്ടിച്ചത്. ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ സംരക്ഷണ സമിതി ചെയർമാൻ കണക്കമ്പാറ ബാബു, എം.ജയൻ, രാജു വേങ്ങോടി എന്നിവർ പങ്കെടുത്തു.