
പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ താരതമ്യേന കൂടുതൽ മഴ ലഭിക്കുന്നതോടൊപ്പം ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി. നിലവിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഡാമുകളുടെ ജലനിരപ്പ് ഉയർന്നു. ഇത്തവണ ഒന്നാംവിള നെൽകൃഷിക്ക് ഡാമുകളിലെ ജലം ലഭ്യമാക്കിയതിനാൽ ജലനിരപ്പ് താരതമ്യേന കുറഞ്ഞിരുന്നു. നിലവിൽ ഡാമുകളിൽ വിനിയോഗശേഷിയിലുള്ളത് ശരാശരി 30 ശതമാനം ജലമാണ്. കഴിഞ്ഞ വർഷം ലഭിച്ച മഴയുടെ ബാക്കിയാണിത്. ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 105.74 മീറ്ററാണ്. 115.06 മീറ്ററാണ് പരമാവധി ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 1.88 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ ശക്തമായാൽ ഡാമുകളുടെ ജലനിരപ്പ് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ചാണ് ജില്ലയിൽ സാധാരണ രണ്ടാംവിള കൃഷിചെയ്യുന്നത്. അതിനാൽ ഡാമിന്റെ സംഭരണ ശതമാനം ഉയർന്നെങ്കിൽ മാത്രമേ കർഷകർക്കും ആശങ്കിയില്ലാതെ രണ്ടാംവിള കൃഷിയിറക്കാൻ സാധിക്കൂ.
ഡാം- പരമാവധി സംഭരണശേഷി (മീറ്ററിൽ)- നിലവിലെ ജലനിരപ്പ്- നിലവിലെ സംഭരണ ശതമാനം
മലമ്പുഴ..............115.06............105.74- 27
കാഞ്ഞിരപ്പുഴ..97.50..............90.50- 50
മീങ്കര-.................156.36............153.59- 47
ചുള്ളിയാർ.......154.08............142.72- 11
മംഗലം...............77.88..............70.87- 25
വാളയാർ.......... 203................196.16- 29
പോത്തുണ്ടി......108.20...........94.18- 24
ശിരുവാണി......878.50............867.52- 40
ഇന്നലെ ജില്ലയിലെ വിവിധ മേഖലകളിൽ ലഭിച്ച മഴ (മില്ലീമീറ്ററിൽ):
തൃത്താല- 14.6, പട്ടാമ്പി- 9.8, പറമ്പിക്കുളം- 9.1, ഒറ്റപ്പാലം- 5, പാലക്കാട്- 0.8