
സാഹസികമായി എവറസ്റ്റ് കീഴടക്കിയ അനുഭവം മലയാളിയായ ഷെയ്ഖ് ഹസൻ ഖാൻ പങ്കുവയ്ക്കുന്നു
ഷെയ്ഖ് ഹസൻ ഖാന്റേത് കടുത്ത തീരുമാനമായിരുന്നു. വെല്ലുവിളികൾ ഏറ്റെടുത്ത് ഉയരങ്ങൾ കീഴടക്കണമെന്ന നിശ്ചയം ആ ചെറുപ്പക്കാരനെ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തിച്ചു. മഞ്ഞുമല കയറാൻ ഒരുങ്ങുമ്പോൾ ഉറച്ച മനസു മാത്രമേയുണ്ടായിരുന്നുള്ളൂ. ചെലവ് തുകയായ മുപ്പത് ലക്ഷം കണ്ടെത്താൻ വഴികൾ തുറന്നു കിട്ടിയില്ല.തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡൽഹി കേരളഹൗസിൽ സീനിയർ അസിസ്റ്റന്റായി ജോലി. സർക്കാർ ജീവനക്കാരൻ എന്നതിനപ്പുറം വരുമാനത്തിന് വലിയ സ്രോതസുകളില്ല. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവേളയിൽ എവറസ്റ്റിൽ ദേശീയ പതാക വീശണം. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കണം. ദേശീയ ഗാനം ആലപിക്കണം. ഇൗ മൂന്ന് ലക്ഷ്യങ്ങൾ മാത്രം മനസിൽ സൂക്ഷിച്ചാണ് പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുൽകരാം വീട്ടിൽ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകൻ ഷെയ്ഖ് ഹസൻ ഖാൻ തന്റെ യാത്ര സ്വപ്നം കണ്ടത്.
എവറസ്റ്റ് കയറുന്നതിനുള്ള വേഷവിധാനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും യാത്രാച്ചെലവിനുമായി തുക കണ്ടെത്താൻ സ്പോൺസർമാരെ തേടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചെങ്കിലും വ്യക്തിഗത ലക്ഷ്യങ്ങൾക്ക് സഹായം അനുവദിക്കാൻ വകുപ്പുകളില്ലെന്ന് കേന്ദ്രം വ്യക്തമാക്കി . എവറസ്റ്റ് കയറിയ ശേഷം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ടൂറിസം, ലോട്ടറി വകുപ്പുകൾ വഴി മൂന്നര ലക്ഷം രൂപ അനുവദിക്കാമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു . നിരാശയ്ക്ക് ഷെയ്ഖിന്റെ ജീവിതത്തിൽ ഇടമില്ലായിരുന്നു . പന്തളം കെ.എസ്.എഫ്.ഇ ഒാഫീസിലെത്തി മൊത്തം ഇരുപത് ലക്ഷം രൂപയ്ക്കുള്ള രണ്ടു ചിട്ടികളിൽ ചേർന്നു. ഉടനെ ചിട്ടിപിടിച്ചാൽ തുക കുറയുമെന്നതുകൊണ്ട് പന്തളത്തെ ബാങ്കുകളിൽ നിന്നും സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സൊസൈറ്റിയിൽ നിന്നും ഇത്രയും തുക വായ്പയെടുത്തു. ചിട്ടിയുടെ നറുക്ക് വീഴുമ്പോൾ തിരിച്ചടക്കും. നാൽപ്പത് സുഹൃത്തുക്കൾ ചേർന്ന് ഇരുപത്തയ്യായിരം രൂപ വീതം കടം നൽകിയപ്പോൾ ബാക്കി പത്ത് ലക്ഷം തികയ്ക്കാനായി. കടങ്ങളുടെ വലിയ ബാദ്ധ്യതയേറ്റടുത്ത് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കാണ് മുപ്പത്തഞ്ചുകാരനായ ഷെയ്ഖ് പുറപ്പെട്ടത്.
മരണമുഖത്തു നിന്ന് പിൻവാങ്ങാതെ
എവറസ്റ്റ് കീഴക്കാൻ ഈ വർഷം മാർച്ച് 31ന് കേരളത്തിൽ നിന്ന് തിരിച്ചു. ഏപ്രിൽ ആറിന് മഞ്ഞുമലയിലേക്ക് ആദ്യ പദമൂന്നി. നേപ്പാൾ ആസ്ഥാനമായ ഏഷ്യൻ ട്രക്കിംഗ് കമ്പനിയിൽ രജിസ്റ്റർ ചെയ്ത പതിമൂന്ന് അംഗ സംഘത്തിലെ മൂന്ന് ഇന്ത്യാക്കാരിൽ ഒരാളും ഏക മലയാളിയുമായിരുന്നു ഷെയ്ഖ്. 29032അടി ഉയരമാണ് കയറേണ്ടത്. 3440 അടി കയറി ക്യാമ്പ് രണ്ടിലെത്തിയപ്പോൾ ന്യുമോണിയ പിടിപെട്ടു. ഒന്നിലേക്ക് പിൻവാങ്ങി വിശ്രമിച്ചു. ഒന്നുകിൽ ദൗത്യം ഉപേക്ഷിച്ച് തിരിച്ചിറങ്ങുക. അല്ലെങ്കിൽ കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും കയറുക. അഞ്ചു ദിവസത്തെ വിശ്രത്തിനു ശേഷം അടുത്ത സംഘത്തിനൊപ്പം യാത്ര തുടർന്നു. ക്യാമ്പ് രണ്ടിൽ ഷെയ്ഖ് സഹയാത്രികർക്കൊപ്പം മുപ്പത്തഞ്ചാം ജൻമദിനം ആഘോഷിച്ചു. പതിനാറ് കിലോ ഭാരവുംതൂക്കി മുകളിലേക്ക് കയറുന്തോറും ദുഷ്കരമായ യാത്രയിൽ മഞ്ഞു പാളികൾ പലതവണ ഇടിഞ്ഞു വീണു. ക്യാമ്പ് നാലിലേക്ക് എത്തുന്നതിനിടെയുണ്ടായ അപകടത്തിൽ കാൽച്ചുവട്ടിൽ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ച ഷെയ്ഖ് വർഷങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ചു വീണയാളുടെ മൃതദേഹത്തിലാണ് തടഞ്ഞു നിന്നത്. ഏതുനിമിഷവും വഴുതി വീഴാവുന്ന മഞ്ഞുമലയുടെ നെറുകയിലെത്തുന്നതിന് മീറ്ററുകൾക്ക് താഴെ വച്ച് ഒാക്സിജൻ നഷ്ടപ്പെട്ട് കൈകാലുകൾ മരവിച്ചു. വീണ്ടും മുപ്പത് മീറ്റർ കൂടി കയറിയാലേ അടുത്ത ഒാക്സിജൻ ടിൻ ലഭിക്കുമായിരുന്നുള്ളൂ. മുകളിലേക്ക് കയറാനാകതെ തളർന്നു പോയ ഷെയ്ഖിന് ഒപ്പമുണ്ടായിരുന്ന ഷെർപ്പ (പർവതാരോഹകരുടെ സഹായി) ഒാക്സിജൻ എത്തിച്ചുകൊടുത്തു. മേയ് 15ന് രാത്രിയിൽ നാലാം ക്യാമ്പിൽ മുപ്പതടി നീളവും ഇരുപതടി വീതിയുമുള്ള ഇന്ത്യയുടെ ദേശീയ പതാക സ്ഥാപിച്ചു. പുലർച്ചെ ഒന്നരയോടെ കൊടുമുടിയുടെ ഏറ്റവും മുകളിലെത്തി. ഇരുപത് മിനിട്ട് വിശ്രമത്തിന് ശേഷം പർവതരാജനോട് വിട പറഞ്ഞിറങ്ങി.
കുടുംബത്തിന്റെ  ആത്മവിശ്വാസം
പർവതാരോഹണത്തിലെ അപകടങ്ങളെക്കുറിച്ച് അറിയാവുന്നവരാണ് ഷെയ്ഖിന്റെ കുടുംബം. സാഹസികതയെ ഇഷ്ടപ്പെടുന്ന അലി അഹമ്മദ് ഖാനും ഷാഹിദയ്ക്കും മകനിൽ വിശ്വാസമുണ്ട്. കിളിമഞ്ജാരോ, ബി.സി റോയി പർവതങ്ങൾ കയറിയ ഷെയ്ഖിന് എവറസ്റ്റും കീഴടക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
അടിയന്തര കാര്യങ്ങൾക്കൊഴികെ വീട്ടാവശ്യങ്ങൾക്കെല്ലാം ഇപ്പോഴും കിലോമീറ്ററുകൾ നടന്നു പോകുന്നയാളാണ് മാതാവ് ഷാഹിദ. കുട്ടിക്കാലം മുതൽ ഒാട്ടം, ജമ്പിംഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ആ കാൽക്കരുത്ത് ഷെയ്ഖിനും കിട്ടി. പന്തളത്തിനടുത്ത് മാവരപ്പാറ പല തവണ കയറിയിറങ്ങി. അവധിക്കാലങ്ങളിൽ ശബരിമലക്കാടുകളിലെ മലകൾ താണ്ടി. സെക്രട്ടേറിയേറ്റിൽ ജോലി ചെയ്യുമ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കായിക പരിശീലനം നടത്തി.
പർവതാരോഹകനായ ഭർത്താവിന് പ്രോത്സാഹനം നൽകുന്ന ഖദീജ റാണി ഹമീദാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. എവറസ്റ്റിലെ ഒരു കല്ല് മകൾ ഒന്നാം ക്ളാസുകാരി ജഹനാര  മറിയത്തിന് ഷെയ്ഖ് സമ്മാനമായി നൽകി. വടക്കേ അമേരിക്കയിലെ ഡെനാലി പർവതം കീഴടക്കുകയെന്നതാണ് ഷെയ്ഖ് ഹസന്റെ അടുത്ത ലക്ഷ്യം. അടുത്ത വർഷം മേയിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. അപ്പോഴേക്കും കടങ്ങൾ തീർക്കണം. ഡെനാലി പർവതം കയറാൻ സ്പോൺസർമാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
(ലേഖകന്റെ ഫോൺ : 9946107991)