
പത്തനംതിട്ട: മറ്റാരും ആശ്രയമില്ലാത്തതിനാൽ മകൻ ആന്റണിയെ വീൽ ചെയറിൽ ഇരുത്തി ഉന്തിക്കൊണ്ട് മൂന്നു കിലോ മീറ്റർ നടന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്ന നീതുവിന് ഒരാഗ്രഹം മാത്രം. മകൻ എഴുന്നേറ്റ് നടക്കണം.
സെറിബ്രൽ പാൾസിയും (തലച്ചോറിനെ ബാധിച്ച തളർവാതം) അപസ്മാരവുമുള്ള ഒൻപതു വയസുള്ള മകൻ ആന്റണിക്ക് ഫിസിയോതെറാപ്പി ചെയ്യാനാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ എത്തുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമായി ആറു കിലോ മീറ്റർ നടത്തം.
നട്ടെല്ല് നിവരാത്തതിനാൽ ആന്റണിക്ക് നിൽക്കാനോ നടക്കാനോ കഴിയില്ല. ഫിസിയോതെറാപ്പി ദിവസവും ചെയ്താൽ നടന്നുതുടങ്ങുമെന്ന് ഡോക്ടർമാർ പറയുന്നു.ഇപ്പോൾ കൈയടിക്കുകയും പാട്ടുപാടുകയും ചെയ്യും. പക്ഷേ ദിവസവും ആശുപത്രിയിലെത്തിക്കാൻ കഴിയുന്നില്ല.
ഡൽഹിയിൽ സ്ഥിരതാമസമായിരുന്ന വെട്ടിപ്രം പുത്തൻപുരയ്ക്കൽ നീതുവിനെ മകന്റെ രോഗം തിരിച്ചറിഞ്ഞതോടെ ഭർത്താവ് സെബാസ്റ്റ്യൻ ഉപേക്ഷിച്ചുപോയി. അപ്പോൾ കുഞ്ഞിന് ഒരു വയസുപോലും തികഞ്ഞിരുന്നില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റുമായുള്ള ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ നീതുവിന്റെ മാതാപിതാക്കളായ ജോസഫും മേരിയും ഡൽഹിയിലെ സ്ഥിരതാമസം മതിയാക്കി നീതുഅടക്കം എട്ടു മക്കളുമായി കേരളത്തിലേക്ക് വന്നതാണ്. മറ്റ് ഏഴു മക്കളും
വിവാഹിതരായി. നീതുവിനൊപ്പമായിരുന്നു മാതാപിതാക്കൾ.
ഒരു വർഷം മുമ്പ് മാതാവ് മേരി മരിച്ചു. പിന്നാലെ പിതാവ് ജോസഫ് ശരീരം തളർന്ന് കിടപ്പിലായി. ജോസഫിനെ മറ്റൊരു മകൾ കൂട്ടിക്കൊണ്ടുപോയതോടെ നീതുവും മകനും മാത്രമായി വീട്ടിൽ.സഹോദരങ്ങളുടെ ചെറിയ സഹായത്താലാണ് ഓരോ ദിവസവും കടന്നുപോകുന്നത്. രണ്ട് മാസത്തെ വാടക മുടങ്ങിയിരിക്കുകയാണ്. സ്വന്തമായി വസ്തുവില്ല. സ്വർണാഭരണങ്ങൾ വിറ്റാണ് ആന്റണിയുടെ ചികിത്സ നടത്തിയത്.മിക്കപ്പോഴും മകന് ഭക്ഷണം നൽകി താൻ പട്ടിണിയിരിക്കുമെന്ന് നീതു പറഞ്ഞു. റേഷനരി ലഭിക്കുന്നതാണ് ആശ്വാസം. തന്റെ കാലശേഷം മകന്റെ അവസ്ഥ എന്താകുമെന്ന ഭീതിയിലാണ് ഇൗ അമ്മ.