 
മല്ലപ്പള്ളി : പുന്നവേലി - അട്ടക്കുളം പാലത്തിന്റെ നിർമ്മാണം മഴയെ തുടർന്ന് നിറുത്തിവച്ചു. നെടുംകുന്നം - കുളത്തൂർമൂഴി റോഡിൽ അട്ടക്കുളത്തെ പുതിയ പാലത്തിന്റെ സ്പാനിന്റെ കോൺക്രീറ്റിംഗും പാലത്തിന്റെ ഇരുവശങ്ങളി 400 മീറ്റർ ടാറിംഗും ഉൾപ്പെടുന്ന പ്രവർത്തികളാണ് മഴ തടസപ്പെടുത്തിയത്. മഴ മാറിയാൽ ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് ബ്രിജസ് വിഭാഗം അധികൃതർ പറയുന്നത്. അട്ടക്കുളം തോട്ടിലെ പാലത്തിന്റെ വീതി കുറവും ശോച്യാവസ്ഥയും വർഷങ്ങളായി നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായിരുന്നു. 2020-2021ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയ്ക്ക് 166.10 ലക്ഷം രൂപയുടെ നിർമ്മാണ അനുമതിയാണ് ലഭിച്ചത്. പാലത്തിന് 12.50 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടെയാണ് നിർമ്മാണം. അട്ടക്കുളം ഭാഗത്തും, പുന്നവേലിഭാഗത്തും 200 മീറ്ററുകൾ വിതം നിലവിലെ ടാറിംഗ് ഇളക്കി പുനർ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
നിർമ്മാണക്കരാർ ഒന്നര വർഷം
ഒന്നര വർഷക്കാലമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കരാർ. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ മണിമല ഭാഗത്തുള്ളവർക്ക് ഗതാഗതകുരക്ക് ഒഴിവാക്കി ചേലക്കൊമ്പ്, കറുകച്ചാൽ ഭാഗത്തെയ്ക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗമാണിത് കൂടാതെ നെടുംകുന്നം,ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയ്ക്ക് എത്തുന്നതിന് പുതിയ പാലം പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
....................................
മഴ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു. കാലവർഷം ശക്തി പ്രാപ്രിക്കുന്നത് പാലത്തിന്റെ നിർമ്മാണത്തിനും യാത്ര ക്ലേശം വർദ്ധിപ്പിക്കുന്നതിനും കാരണമാകും
അതുൽ കുമാർ
(പ്രദേശവാസി)
നിർമ്മാണച്ചെലവ് 166.10 ലക്ഷം
12.50 മീറ്റർ നീളവും 11 മീറ്റർ വീതി
1.5 മീറ്റർ നടപ്പാത