അടൂർ : കെ. എസ്. ആർ. ടി. സി ഫാസ്റ്റ് പാസഞ്ചർ ബസ് കണ്ടക്ടറില്ലാതെ കൊട്ടാരക്കരയിൽ നിന്ന് അടൂർ വരെ 18 കിലോമീറ്റർ ഒാടിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടായേക്കും. നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി അടൂർ ഡിപ്പോ അധികൃതർ തൊടുപുഴ എ. ടി. ഒയ്ക്ക് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. ഇൗ റിപ്പോർട്ട് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് തൊടുപുഴ എ. ടി. ഒ കൈമാറിയശേഷമാകും നടപടി. മൂലമറ്റം ഡിപ്പോയിലെ കണ്ടക്ടർക്കും ഡ്രൈവർക്കും വീഴ്ച പറ്റിയതായും കൊട്ടരക്കരയിൽ നിന്ന് കയറിയ യാത്രക്കാരിൽ കലയപുരം, ഏനാത്ത് എന്നിവിടങ്ങളിൽ ഇറങ്ങിയവർ ബസ്ചാർജ് നൽകാതെയാകും ഇറങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്. അടൂരിൽ ഇറങ്ങിയ 9 യാത്രക്കാരിൽ നിന്ന് ഡിപ്പോഅധികൃതർ ബസ് ചാർജ് ഇൗടാക്കി. കൊട്ടാ രക്കര കുടുങ്ങിയ കണ്ടക്ടർ അടൂരിൽ എത്തിയപ്പോൾ ഇൗ പണം നൽകി. കൈപ്പറ്റിയ ടിക്കറ്റും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തേക്ക് പുറപ്പെട്ട മൂലമറ്റം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് കൊട്ടാരക്കരനിന്ന് അടൂർ വരെ കണ്ടക്ടർ ഇല്ലാതെ ഒാടിയത്. തിരുവനന്തപുരത്തുനിന്ന് ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ മൂത്രമൊഴിക്കാനായി ഇറങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ ഡബിൾ ബെല്ല് മുഴങ്ങിയതോടെ ഡ്രൈവർ ബസുമായി ഡിപ്പോവിട്ടു. കണ്ടക്ടർ ആവശ്യം നിറവേറ്റിയശേഷം തിരികെ എത്തിയപ്പോഴാണ് ബസ് വിട്ടുപോയ വിവരം അറിയുന്നത്. ഉടൻതന്നെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചു. ഡിപ്പോ അധികൃതർ കാത്തുനിന്ന് ബസ് നിറുത്തിയിടീപ്പിക്കുകയും ഇറങ്ങിയ യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒൻപത് യാത്രക്കാർ ടിക്കറ്റില്ലാതയാണ് യാത്രചെയ്തതെന്ന് കണ്ടത്തുകയും അവരിൽ നിന്നും ടിക്കറ്റ് ചാർജ്ജ് ഇൗടാക്കുകയും ചെയ്തത്. കണ്ടക്ടർ മുക്കാൽമണിക്കൂർ കഴിഞ്ഞ് മറ്റൊരു ബസിൽ അടൂരിലെത്തിയശേഷമാണ് ബസ് മൂലമറ്റത്തേക്ക് പുറപ്പെട്ടത്. ഇൗ സമയമത്രയും യാത്രക്കാർ കാത്തിരുന്നു.