three
ഏഴംകുളം ഗവ. എൽ.പി സ്കൂളിൽ ഒന്നാം ക്ളാസിൽ എത്തിയ മൂവർസംഘം മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമൊപ്പം

അടൂർ : വർണക്കുടകളും പുത്തനുടുപ്പും ബാഗുമേന്തി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജനിച്ച മൂവർ സംഘം ഏഴംകുളം ഗവ.എൽ.പി സ്കൂളിൽ എത്തിയത് വ്യത്യസ്ഥ കാഴ്ചയായി. സ്കൂൾ വളപ്പിലെത്തിയ കുരുന്നുകളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് തലയിൽ തൊപ്പി അണിയിച്ചും ബലൂണുകൾ നൽകിയും സ്വീകരിച്ചു. അറുകാലിക്കൽ കിഴക്ക് ചന്ദ്രികാ ഭവനത്തിൽ വിനോദ് വി.നായരുടേയും ശ്രീജ എസ്.ഉണ്ണിത്താന്റേയും മക്കളായ ധീരജും ധനുഷും ദേവിയും വീട്ടുമുറ്റത്തെ കളികൾക്കും തമ്മിൽ തല്ലിനും താൽക്കാലിക വിരാമിട്ട് അറിവിന്റെ ബാലപാഠങ്ങൾ നുകരാൻ വിദ്യാലയമുറ്റത്തേക്ക് പടികടന്നെത്തിയത്. ധീരജും ധനസും ചുവന്ന നിറത്തിലുള്ള ഉടുപ്പും ഇളം നീലനിറത്തിലുള്ള പാന്റുമായിരുന്നു വേഷമെങ്കിൽ വെള്ളയിൽ ചുവപ്പ് ബോർഡറുകളുള്ള ഫ്രോക്കായിരുന്നു ദേവിയുടെ വേഷം. ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2016 സെപ്തംബർ 19 നാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂവരുടേയും ജനനം. ഇൗ സ്കൂളിലെ ഇംഗ്ളീഷ് മീഡിയം വിഭാഗത്തിലാണ് മൂവരും എൽ.കെ.ജിയും യു.കെ.ജിയും പഠിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ മൂന്ന് മാസംമാത്രമേ ക്ളാസിൽ എത്താനായുള്ളൂ. സ്കൂൾമുറ്റം പരിചിതമായിരുന്നതിനാൽ ഏറെ സന്തോഷത്തോടെയാണ് മൂവും ഇന്നലെ ഒന്നാം ക്ളാസ് പഠനത്തിനായി എത്തിയത്. വെവേറെ പിരിഞ്ഞിരിക്കാൻ ഇവർക്ക് കഴിയില്ലെന്നാണ് മാതാപിതാക്കളുടെ സാക്ഷ്യം.