തിരുവല്ല: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം മഴയുടെ അകമ്പടിയില്ലാതെ തെളിഞ്ഞ കാലാവസ്ഥയിൽ ആഹ്ലാദാരവങ്ങളോടെ വർണപ്പൊലിമയിൽ നവാഗതരായ കുട്ടികൾക്ക് സ്‌കൂളുകൾ ഹൃദ്യമായ വരവേൽപ്പ് നൽകി. തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ സ്കൂൾ പി.ടി.എയും മാനേജ്മെന്റും സംയുതമായി സംഘടിപ്പിച്ച പ്രവേശനോത്സവം ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി.റിട്ട.ഡയറ്റ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ.വിജയമോഹനൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർബോർഡ് അംഗം സന്തോഷ് ഐക്കരപറമ്പിൽ, സ്കൂൾ മാനേജർ പി.ടി.പ്രസാദ്, ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, സ്റ്റാഫ് സെക്രട്ടറി മെർലിൻ മേരി എബ്രഹാം എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാവുംഭാഗം ദേവസ്വംബോർഡ് സ്കൂളിൽ മാത്യു ടി.തോമസ് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.ഗോപിദാസ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ അന്നമ്മ മത്തായി,ശ്രീനിവാസ് പറയാറ്റ്,പ്രിൻസിപ്പൽ നവനീത് കൃഷ്ണൻ,ഹെഡ്മിസ്ട്രസ് ലത എസ്, ഡയറ്റ് മുൻ ലക്ചറർ ശ്രീകുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് അശോക്, മത്തായി,സുധാബാബു, ശാലിനി,ദീപ്തി,സ്റ്റാഫ് സെക്രട്ടറി ലളിത എന്നിവർ സംസാരിച്ചു. കുറ്റൂർ പാണ്ടിശേരിഭാഗം ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി 58 അക്ഷരങ്ങളേയും നെഞ്ചിൽ ഏറ്റിയാണ് നവാഗതരെ സ്‌കൂളിലേക്ക് സ്വീകരിച്ചത്.പ്രവേശനോത്സവം വാർഡ് മെമ്പർ സാറാമ്മ കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിജയമ്മ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുജ ജോൺ,വിജയാനന്ദ്, വി.ആർ.രാജേഷ്, പി.ഐ.ഐസക്, ടി.കെ.സുകുമാരൻ,വി.എം.ദിലീപ് കുമാർ,പി.ഗോപി,ശ്രീജ ടി.ആർ, ലക്ഷ്മി ചന്ദ്രൻ, ലേഖ എ, സംതൃപ്തി വി.നായർ, കെ.ബി.പുഷ്പാദേവി,ജോസഫ് ജോസഫ്,സുധീർ രാഘവ് എന്നിവർ പ്രസംഗിച്ചു. നെടുമ്പ്രം പഞ്ചായത്ത് തല പ്രവേശനോത്സവം പുതിയകാവ് സ്ക്കുളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിജോ ചെറിയാൻ അദ്ധ്യക്ഷനായി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോൾ,വിൻജു ഏലിസബത്ത്,ഹെഡ്മിസ്ട്രസ് പി.എസ്.സംഗീത,പി.ടി.എ പ്രസിഡന്റ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.