vineeth

പത്തനംതിട്ട :ബധിരയും മൂകയുമായ യുവതിയും മൂന്ന് വയസുള്ള മകളും ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റതിനെ തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവ് ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിനീത് വിശ്വനാഥൻ (36) അറസ്റ്റിലായി. കഴിഞ്ഞ മാസം ആറിന് രാത്രിയാണ് വിനീതിന്റെ ഭാര്യ ശ്യാമയെയും (28) മകൾ ആദിശ്രീയെയും (4) പൊള്ളലേറ്റ നിലയിൽ ഭർത്താവിന്റെ വീട്ടിൽ കാണപ്പെട്ടത്.
തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആത്മഹത്യാ പ്രേരണയ്ക്ക് വിനീതിന്റെ മാതാപിതാക്കളായ വിശ്വനാഥൻനായർക്കും രുക്മിണിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനം കാരണം യുവതി കുഞ്ഞിനെ തീകൊളുത്തി കൊന്നശേഷം സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് കേസ്. വിനീതും മാതാപിതാക്കളും സംഭവത്തിന് ശേഷം കേരളംവിട്ടുപോയിരുന്നു. വിനീത് വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ മനോജ്, എസ്.ഐ ഹരീന്ദ്രൻ, എ.എസ്.ഐമാരായ സന്തോഷ് കെ, സന്തോഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.