college-road
നന്ദാവനം-എൻജിനീയറിംഗ് കോളേജ് റോഡ് നവീകരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടിയപ്പോൾ

ചെങ്ങന്നൂർ: നന്ദാവനം എൻജിനീയറിംഗ് കോളേജ് റോഡിന്റെ നവീകരണം പുരോഗമിക്കുമ്പോഴും ചെങ്ങന്നൂർ നഗരസഭ വിട്ടുനൽകേണ്ട രണ്ടു സെന്റ് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. എം.എൽ.എ മുൻകൈയെടുത്ത് ആരംഭിച്ച പണിക്കാണ് നഗരസഭയുടെ നിസഹകരണം തടസമാകുന്നത്. നഗരസഭയുടെ സ്ഥലം കൂടി വിട്ടുകിട്ടിയാൽ ഉടൻ നവീകരണം പൂർത്തിയാകും. അല്ലെങ്കിൽ കാലവർഷം ശക്തമാകുന്നതോടെ ജോലിയെ ബാധിക്കും. അടുത്തയാഴ്ച വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കും. പിന്നീടുള്ള ടാറിംഗിന് മുൻപായി നഗസഭയുടെ സ്ഥലം ലഭിക്കേണ്ടതുണ്ട്.
വീതി കുറവായിരുന്ന റോഡിൽ വാഹനത്തിരക്കുമൂലം ഗതാഗതം ദുഷ്‌കരമായതോടെയാണ് നവീകരിക്കാൻ തീരുമാനിച്ചത്. റോഡിനു സമീപമുള്ളവർ കോടികൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടുനൽകി. എന്നാൽ ചെങ്ങന്നൂർ അഗ്‌നിരക്ഷാനിലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ ചെങ്ങന്നൂർ നഗരസഭ ഇവിടെയുള്ള രണ്ടുസെന്റ് സ്ഥലം ഇനിയും വിട്ടുനൽകിയിട്ടില്ല. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. അഗ്‌നി രക്ഷാനിലയം സമീപത്തായി നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറും. ഇതോടെ പഴയ കെട്ടിടം ഉപയോഗശൂന്യമാകും. എന്നാൽ റോഡിന് വിട്ടുനൽകുന്ന സ്ഥലത്തിന് പകരം സ്ഥലം ലഭിക്കണമെന്ന നിലപാടിലാണ് നഗരസഭ.

നവീകരണം 55 ലക്ഷം ചെലവിൽ

മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ , ട്രാഫിക് പോലീസ് സ്റ്റേഷൻ , ജില്ലാ ആശുപത്രി, താലൂക്ക് ഓഫീസ്, എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്ക് എം.സി. റോഡിൽനിന്നുള്ള എളുപ്പമാർഗമാണ് റോഡ്. ആംബുലൻസ്, അഗ്‌നിരക്ഷാ സേവനങ്ങൾക്കടക്കം റോഡിലെ ഗതാഗത തടസം പലതവണ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് റോഡ് നവീകരണത്തിനായി 55 ലക്ഷം രൂപ മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ അനുവദിച്ചത്. നിലവിലെ അഞ്ചര മീറ്റർ വീതിക്കു പകരം എട്ടു മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്.

"സ്ഥലം വിട്ടുനൽകുന്ന കാര്യത്തിൽ നഗരസഭാ കൗൺസിൽ അനുകൂല തീരുമാനമെടുത്തിരുന്നു. ഒന്നര ആഴ്ച മുൻപ് സർക്കാരിലേക്കു അംഗീകാരം തേടി കത്തയച്ചു. പകരം സ്ഥലം കിട്ടണമെന്നത് കൗൺസിൽ തീരുമാനമാണ്. സർക്കാരിൽ നിന്നുള്ള അനുമതി കിട്ടുന്ന മുറയ്ക്കു തുടർ നടപടി സ്വീകരിക്കും"

വി. പ്രകാശ്കുമാർ

ചെങ്ങന്നൂർ നഗരസഭ സെക്രട്ടറി ഇൻചാർജ്