aarattu
ആറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവൻ ക്ഷേത്ര മതിൽക്കകത്തേയ്ക്ക് സ്വീകരിച്ച് പ്രദക്ഷിണം വയ്ക്കുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിൽ നിന്ന് ഇന്നലെ രാവിലെ 7ന് ആറാട്ട് ഘോഷയാത്ര പമ്പാനദിയിലെ മിത്രപ്പുഴ കടവിലേക്ക് പുറപ്പെട്ടു. തുടർന്ന് പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. മലയാള വർഷത്തിലെ എട്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ആറാട്ട് ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. തിരികെയെത്തി പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നെള്ളത്തും ഇരു നടയിലും കളഭാഭിഷേകവും നടത്തി. കളഭാഭിഷേകത്തിന് കണ്ഠര് മോഹനരര് മുഖ്യകാർമ്മികത്വം വഹിച്ചു. പ്രദക്ഷിണം പൂർത്തിയാക്കി ദേവതകളെ ശ്രീലകത്തേക്ക് ആനയിച്ചു. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താം. കൊടിക്കുന്നിൽ സുരേഷ് എം.പി. പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.ബൈജു, അസിസ്റ്റന്റ് കമ്മിഷണർ കെ. സൈനു രാജ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഒാഫീസർ വി.ജി പ്രകാശ്, സബ് ഗ്രൂപ്പ് ഇൻചാർജ് അഖിൽ കുമാർ എന്നിവർ നേതൃത്വം നൽകി