ചെന്നീർക്കര: വിദേശത്തേക്ക് പോകാനിരുന്ന ദിവസം യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര അമ്പലക്കടവ് ചക്കാല
മണ്ണിൽ കിഴക്കും മഠത്തിൽ പരേതനായ ജോർജ്ജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകൻ ജിക്കു ജോർജ്ജ് (43) ആണ് മരിച്ചത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ജിക്കു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇന്നലെ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജിക്കുവിന്റെ അമ്മ മറിയാമ്മ ജോർജ്ജ് (ശാന്തമ്മ ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ഇന്നലെ രാവിലെ മുതൽ പല തവണ ജിക്കുവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും എടുത്തില്ല. മറിയാമ്മ വിവരം വീട്ടിലെ കാർ ഓടിയ്ക്കുന്ന ഡ്രൈവറെ വിളിച്ചറിയിച്ചു. തുടർന്ന് നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് കിടപ്പുമുറിലെ കട്ടിലിൽ ജിക്കുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാർഡംഗം റൂബി ജോൺ, ഇലവുംതിട്ട പൊലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫോറിൻ സിക് വിദഗ്ദ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരുത്താൻ കഴിയൂ എന്ന് ഇലവുംതിട്ട പൊലീസ് പറഞ്ഞു.. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ. നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം ചെയ്യും.