 
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കലഞ്ഞൂർ മേഖലയിൽ ടാറിങ് പുരോഗമിക്കുന്നു. കുമ്പഴ, മാരൂർ പാലം, വകയാർ കരിക്കുടുക്ക എന്നിവിടങ്ങളിൽ പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്. കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിലെ കലുങ്കുകളുടെ പണികളും നടക്കുകയാണ്. മഴ മാറി നിൽക്കുന്നതിനാൽ നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കഴിയുന്നുണ്ട്. മുൻപ് റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നവീകരണത്തിന് 738 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുന്ന് റീച്ചുകളായാണ് നിർമ്മാണം. പുനലൂർ മുതൽ കോന്നി വരെ 226 .61കോടിയാണ് അടങ്കൽ തുക. റോഡിന് ഇരുവശവും ഓടകൾ നിർമ്മിക്കുന്ന ജോലികളും പൂർത്തിയായിവരുന്നുണ്ട്. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. 14 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. 10 മീറ്റർ വീതിയിൽ ടാറിട്ട് ഇരുവശങ്ങളിലും രണ്ടുമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. കോന്നി, ചിറ്റൂർമുക്ക്, മല്ലശേരിമുക്ക്, വകയാർ കോട്ടയം മുക്ക്, മുറിഞ്ഞക്കല്ല്, കൂടൽ, കലഞ്ഞൂർ തുടങ്ങിയ ജംഗ്ഷനുകളും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വികസിപ്പിക്കും. ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേക്കർ, നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.