ഏഴംകുളം : പഞ്ചായത്തിലെ തൊടുവക്കാട് വാർഡിലെ കാവാടി ഏലായിൽ സ്വകാര്യ വ്യക്തി കുന്നിടിച്ച് നിലംനികത്തുന്നത് സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂമന്ത്രി അടൂർ ആർ. ഡി. ഒയ്ക്ക് നിർദ്ദേശം നൽകി. ഭൂമി തരം മാറ്റുന്നതിനെതിരെ സി.പി.എം കാവാടി ബ്രാഞ്ച് സെക്രട്ടറി ഗീവർഗീസ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മേയ് 19 ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഏലായിൽ മണ്ണിടൽ ആരംഭിച്ചപ്പോൾത്തന്നെ കെ.എസ്.കെ.ടി.യുവും കേരള കർഷക സംഘവും ഏഴംകുളം വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഭൂഉടമ നിലത്തിൽ മണ്ണ് കൂനകൂട്ടി തെങ്ങിൻ തൈകളുംനട്ടു. നിലത്തിനോട് ചേർന്നുള്ള കുന്നിടിച്ചാണ് ആദ്യം മണ്ണിട്ടത്. കുന്നിന്റെ അടിവാരത്തുനിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസ് നിലത്തിന് സമീപമുള്ള ചാലിലൂടെ ഒഴുകിയാണ് ഒഴുകുപാറ തോട്ടിൽ എത്തുന്നത്. ജലത്തിന്റെ സുഗമമായ ഒഴുക്കിനും ഇപ്പോൾ തടസം നേരിട്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തി നിലത്തിന് സമീപം നിർമ്മിക്കുന്ന വീട്ടിലേക്ക് പോകാനുള്ള വഴിക്കായാണ് നിലത്തിൽ മണ്ണിട്ടത് എന്നാണ് പറയുന്നത്. എന്നാൽ ഇതിന് അനുമതി വാങ്ങിയിട്ടില്ല. 2017ൽ കുടുംബശ്രീ അയൽക്കൂട്ടം ഈ ഏലാ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തതാണ്. അന്നത്തെ ഭൂ ഉടമ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു.