പത്തനംതിട്ട: നിർമ്മാണ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു. ) ജില്ലാ സമ്മേളനം 5 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . രാവിലെ 9 ന് സി. ഐ. ടി. യു. ദേശീയ വൈസ് പ്രസിഡന്റ് സി. ജെ. മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി വി. ശശികുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. ഐ. ടി .യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജെ. അജയകുമാർ, ജില്ലാ പ്രസിഡന്റ് കെ. സി. രാജഗോപാലൻ, നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. ജോസഫ് എന്നിവർ പ്രസംഗിക്കും.
കേന്ദ്ര സർക്കാർ, തൊഴിലാളികൾക്കെതിരെ കൊണ്ടുവന്നിട്ടുള്ള തൊഴിൽ നിയമങ്ങൾ പിൻവ ലിക്കാൻ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതിനെ സംബന്ധിച്ചും, ജില്ലയിൽ നിർമ്മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡാമുകളിൽ അടിഞ്ഞുകൂടിയിട്ടുളള മണൽ വാരി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. പാറ ഉല്പന്നങ്ങൾക്ക് ചില ക്രഷർ ഉടമകൾ അന്യായമായി അടിക്കടി വിലവർദ്ധിപ്പിക്കുന്ന നടപടി നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താ സേമ്മളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എസ്. ഹരിദാസ്, പ്രസിഡന്റ് കെ.കെ. ശ്രീധരൻ, സ്വാഗത സംഘം കൺവീനർ എം.ജെ. രവി എന്നിവർ പങ്കെടുത്തു.