 
തിരുവല്ല: തിരുവല്ല കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ഭരണാനുമതിയായിട്ടും ഒന്നാംഘട്ട നിർമ്മാണം ഇനിയും തീർന്നിട്ടില്ല. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ തെക്കുമാറി എം.സി.റോഡരികിൽ തിരുമൂലപുരത്താണ് കെട്ടിടം നിർമ്മിക്കുന്നത്. നഗരസഭയിൽ നിന്ന് കൈമാറിക്കിട്ടിയ 152.80 സെന്റ് സ്ഥലത്ത് 2019 ഫെബ്രുവരി 24നാണ് ശിലയിട്ടത്. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും പണി നീണ്ടുപോകുകയാണ്. ആദ്യഘട്ടത്തിൽ സെല്ലാർ, ഗ്രൗണ്ട്, ഫസ്റ്റ് ഫ്ളോറുകളുടെ നിർമ്മാണം എന്നിവ പൂർത്തിയാകണം. 18 മാസമായിരുന്നു കാലാവധി. കൊവിഡും മോശം കാലാവസ്ഥയും കാരണമാണ് പണി നീണ്ടുപോയതെന്നും ബാക്കി ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ പറയുന്നു. രണ്ടാംഘട്ടം പൂർത്തിയാകാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
സെല്ലാർ ഉൾപ്പടെ 7 നിലകളിലായി 13717 ചതുരശ്ര മീറ്റർ ഏരിയയിലാണ് കെട്ടിട സമുച്ചയം. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള 4 നിലകളും മൊത്തം ഫിനിഷിംഗ് ജോലികളും ഉൾപ്പടെ ചെയ്യുന്നതിന് 25 കോടി രൂപയുടെ ഭരണാനുമതി രണ്ടുമാസം മുമ്പ് ലഭിച്ചിരുന്നു. സാങ്കേതികാനുമതിയും ടെൻഡർ ജോലികളും ബാക്കിയാണ്. വിവിധ കോടതികൾ, ഓഫീസുകൾ, അഭിഭാഷകരുടെയും ഗുമസ്തരുടെയും അസോസിയേഷൻ ഹാളുകൾ, ലൈബ്രറികൾ, സൂക്ഷിപ്പു സ്ഥലങ്ങൾ, വിശ്രമ സ്ഥലങ്ങൾ, പവർ റൂം, പാർക്കിംഗ് കേന്ദ്രം, ശൗചാലയം എന്നിവയെല്ലാം രണ്ടാംഘട്ടത്തിലാണ്. ജഡ്ജിമാരുടെ വസതികൾക്കും വക്കീൽ ഓഫീസുകൾക്കായി അഭിഭാഷക ചേംബറുകൾക്കും സൗകര്യമില്ലാത്തത് ന്യുനതയായി ചൂണ്ടിക്കാട്ടുന്നു. ബഹുനില കോടതി സമുച്ചയം വരുന്നതോടെ തിരുമൂലപുരത്തിന്റെ വികസന സാദ്ധ്യതയേറും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല, സെക്രട്ടറി അഡ്വ.സിബി ജയിംസ് എന്നിവരടങ്ങുന്ന സംഘം നിർമ്മാണ ജോലികൾ വിലയിരുത്തി.
കൊവിഡും മോശം കാലാവസ്ഥയും കാരണമാണ് പണി നീണ്ടുപോയതെന്ന് അധികൃതർ