
പത്തനംതിട്ട : മൈലപ്ര സ്കൂളിന് മുമ്പിൽ പുനലൂർ - മൂവാറ്റുപുഴ പാതയിൽ സീബ്രാ ലൈൻ ഇല്ലാത്തത് കാരണം റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുകയാണ് വിദ്യാർത്ഥികൾ. സ്റ്റുഡൻസ് പൊലീസ് കേഡറ്റും പൊലീസുമാണ് ഇപ്പോൾ കുട്ടികളെ സഹായിക്കുന്നത്. പതിനാല് മീറ്രറോളം വീതിയുള്ള റോഡാണിത്. സ്കൂൾ അധികൃതർ അടക്കം നിരവധി പരാതികൾ നൽകിയെങ്കിലും പാതയുടെ പണി പൂർത്തിയായിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മറ്റിടത്ത് സീബ്ര ലൈൻ വരച്ചിട്ടുമുണ്ട്. സ്കൂൾ അടുത്തുണ്ടെന്ന മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. കുഞ്ഞുകുട്ടികൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ശബരിമല റൂട്ട് ആയതിനാൽ മണ്ഡലകാലത്ത് നിരവധി അന്യസംസ്ഥാന വാഹനങ്ങൾ കടന്നുവരുന്ന പാതയാണിത്.