പത്തനംതിട്ട: സ്വന്തം കെട്ടിടം എന്ന സ്വപ്നവുമായി കഴിയുകയാണ് മുണ്ടുകോട്ടക്കൽ വട്ടമുരുപ്പേൽ സർക്കാർ നേഴ്സറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. നഗരസഭ അഞ്ചാം വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകളിൽ ഒന്നാണിത്. 2011ൽ കൗൺസിലറായിരുന്ന കെ.ജാസിം കുട്ടി മുൻ കൈ എടുത്താണ് സ്കൂൾ തുടങ്ങിയത്. അന്നുമുതൽവാടക കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിനാവശ്യമായ തുക അനുവദിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ടുണ്ടെന്നും ആവശ്യമായ വസ്തു സൗജന്യമായി ലഭ്യമാകുവാൻ പലരേയും സമീപിച്ചിട്ടുണ്ടെന്ന് വാർഡുകൗൺസിലർ കെ.ജാസിം കുട്ടി പറഞ്ഞു. ഈ വർഷത്തെ പഠനോത്സവം ജാസിം കുട്ടി നിർവഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഡോ.ആനന്ദ് എസ്.വിജയ്, നേഴ്സറി ടീച്ചർ സുവർണ മധു ,ഹെൽപർ ലീലമ്മ എന്നിവർ സംസാരിച്ചു.