cort-

റാന്നി : റാന്നിയിൽ ഏഴുനിലയുള്ള കോടതി സമുച്ചയം വരുന്നു. ഇപ്പോഴുള്ള കോടതി കെട്ടിടത്തിലെ അപര്യാപ്തതകൾക്ക് പരിഹാരമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. റാന്നി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതി, താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി എന്നിവ ഇപ്പോഴത്തെ കെട്ടിടത്തിലുണ്ട്.. കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. രേഖകൾ സൂക്ഷിക്കാനും മറ്റും ഇവിടെ പരിമിതിയുണ്ട്. മഴക്കാലത്ത് മേൽക്കൂരയിലെ ചോർച്ചയും കാലഹരണപ്പെട്ട വയറിംഗ് സംവിധാനവും ബുദ്ധിമുട്ടാണ്.

റാന്നി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ജെ.എഫ്.എം കോടതിയും ജുഡീഷ്യൽ ക്വാർട്ടേഴ്‌സ് സൈറ്റുമാണ് കോടതി സമുച്ചയത്തിനുള്ള നിർദ്ദിഷ്ട സ്ഥലം . തൊണ്ടി മുറി, ജഡ്ജിമാരുടെ ലോബി, പൊലീസ് റൂം, ബാർ അസോസിയേഷൻ, അഡ്വക്കേറ്റ്സ് ക്ലർക്ക് റൂം, വനിതാ അഭിഭാഷക മുറി, കാന്റീൻ, കലവറ, വെയിറ്റിംഗ് റൂം, ടോയ്‌ലറ്റുകൾ, ശാരീരിക വൈകല്യമുള്ളവരുടെ ടോയ്‌ലറ്റ്, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ മുറി , ഫയർ, ഇലക്ട്രിക്കൽ കൺട്രോൾ റൂമുകൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെട്ടിടം പൊളിച്ച ശേഷമാകും പുതിയ കെട്ടിടം നിർമ്മിക്കുക ; പി.ഡബ്ല്യു.ഡി സർവേ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ടെൻഡർ ചെയ്യുന്നതിനുമുമ്പ് ഇവിടെയുള്ള കോടതി റാന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. കേരള സ്റ്റേറ്ര് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ആലപ്പുഴ റീജിയണൽ ഒാഫീസിനാണ് നിർമ്മാണ ചുമതല.

-----

18.43 കോടി രൂപയുടെ അനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചു.

7 നില

വിപുലമായ സൗകര്യങ്ങൾ

മണ്ണ് പരിശോധനയും രൂപകല്പനയും പൂർത്തിയായി.

പഞ്ചായത്ത്, ഫയർ, പാരിസ്ഥിതിക അനുമതികൾ ലഭിച്ചു