dog

പത്തനംതിട്ട: നായ്ക്കളിൽ മാരകമായ വൈറൽ പനി (കനൈൻ ഡിസ്റ്റമ്പർ)​ പടരുന്നു. കറക്കുദീനം എന്നു വിളിക്കുന്ന പനി ബാധിച്ച് പത്തനംതിട്ട,​ എറണാകുളം,​ പാലക്കാട്,​ കണ്ണൂർ ജില്ലകളിലാണ് നിരവധി വളർത്തുനായ്ക്കൾ ചത്തത്. തെരുവുനായ്ക്കളിൽ നിന്നാകാം വളർത്തുനായ്ക്കളിലേക്ക് രോഗം പകർന്നതെന്ന് മൃഗരോഗ വിദഗ്ദ്ധർ കരുതുന്നു. മനുഷ്യരിലേക്കോ കന്നുകാലികളിലേക്കോ പകരില്ല.

ഛർദ്ദിയും വയറിളക്കവുമായി രണ്ടോ മൂന്നോ ദിവസം നീളുന്ന പനി തലച്ചോറിനെ ബാധിക്കുന്നതോടെയാണ് ജീവൻ നഷ്ടമാവുന്നത്. ഭക്ഷണമെടുക്കാതെ തളർച്ചയുടെ ലക്ഷണങ്ങൾ കാട്ടുന്നതാണ് തുടക്കം. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ചാകും. പത്തനംതിട്ടയിൽ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിലെത്തിച്ച ആറ് വളർത്തുനായ്ക്കൾ ചത്തിട്ടുണ്ടെന്നാണ് വിവരം. വായുവിലൂടെ പകരുന്ന ഡിസ്റ്റമ്പർ, പാർവൊ വൈറസുകളാണ് രോഗകാരികൾ. പാർവൊ വൈറസ് രണ്ട്, മൂന്ന് മാസം പ്രായമുള്ള നായ്ക്കുട്ടികളെ ബാധിക്കും. ഡിസ്റ്റമ്പർ വൈറസ് വലിയ നായ്ക്കളെയാണ് ബാധിക്കുന്നത്.

 വാക്സിന് വില 700 വരെ

നായ്ക്കൾക്കുള്ള പ്രതിരോധ വാക്സിനായ മെഗാവാക് മൃഗാശുപത്രികളിൽ ലഭ്യമല്ല. മെഡിക്കൽ സ്റ്റോറുകളിൽ ഡോസിന് 500 മുതൽ 700 രൂപ വരെയാണ് വില. വിലക്കൂടുതൽ കാരണം മിക്കവരും വളർത്തുനായ്ക്കൾക്ക് ഇൗ വാക്സിൻ എടുക്കാൻ മടിക്കും.

'മൃഗാശുപത്രികളിൽ സൗജ്യമായി ലഭിക്കുന്നത് പേവിഷ ബാധയ്ക്കുള്ള വാക്സിനാണ്. ഇത് വൈറൽ പനിയെ തടയില്ല. വളർത്തുനായ്ക്കൾക്ക് നിർബന്ധമായും മെഗാവാക് വാക്സിൻ എടുക്കണം.

- ജോർജ് വർഗീസ്, സീനിയർ വെറ്ററിനറി സർജൻ അയിരൂർ മൃഗാശുപത്രി