തിരുവല്ല: നഗരത്തിലെ ദീപാ ജംഗ്ഷനിൽ നിയന്ത്രണം വിട്ടെത്തിയ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ബസിടിച്ച് ഓട്ടോറിക്ഷയും തകർന്നു. തിരുവല്ല ജോയ് ആലുക്കാസിലെ സെക്യൂരിറ്റി ജീവനക്കാരനായ മല്ലപ്പള്ളി വെസ്റ്റ് തട്ടാംപറമ്പിൽ വീട്ടിൽ മനോജ് കുമാറി (45) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8നാണ് അപകടം. തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് പോയ കളത്തിൽ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡർ തകർത്തെത്തിയ ബസ് സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചശേഷം ദീപാ ടവറിന്റെ മതിൽ തകർത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റിയ ശേഷമാണ് ബസിനടിയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ പുറത്തെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈയ്ക്കും വാരിയെല്ലിനും പൊട്ടലുണ്ടായ മനോജിനെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.