1
കാവനാൽക്കടവ് - മുരണി -ചേർത്തോട് റോഡിന്റെ ടാറിംഗ് ഇളകിയ നിലയിൽ

മല്ലപ്പള്ളി : കാവനാൽക്കടവ് - മുരണി - ചേർത്തോട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടുകിലോമീറ്റർ റോഡാണ് തകന്നുകിടക്കുന്നത്. കാൽനടയാത്രപോലും ദുഷ്കരമാണ്. 15വർഷമായി നിലവിലെ സ്ഥിതിതുടരുകയാണ്. പരാതികൾക്കും , നിവേദനങ്ങൾക്കും ഫലമില്ലാത്തതിനാൽ നാട്ടുകാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. മുരണിയിൽ നിന്നും മല്ലപ്പള്ളിയ്ക്ക് എത്തുന്നതിനുള്ള എളുപ്പ മാർഗമായ മുരണി-തിരുമാലിട റോഡിൽ കലുങ്ക് നിർമ്മാണം തുടങ്ങിയതിനാൽ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. പ്രധാന മാർഗമായ കാവനാൽക്കടവ് - ചേർത്തോട് റോഡ് തകർന്നതിനാൽ യാത്ര ഏറെ ദുഷ്കരമാണ്. ജലഅതോറിറ്റി പൈപ്പുലീക്കുകൾ മാറ്റുന്നതിനായി കുഴികൾ എടുത്ത പല ഭാഗങ്ങളിലും വേണ്ടവിധമോ, അല്ലാതെയോ പുനരുദ്ധാരണം ഉണ്ടായിട്ടില്ല. നിരവധി വാഹനങ്ങൾ പോകുന്ന കാവനാൽക്കടവ് - മുരണി - ചേർത്തോട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയമെന്നാണ് നാട്ടുകാരുടെ ആവശ്യം.