അനുവദിച്ചത് രണ്ട് പതിറ്റാണ്ടുമുമ്പ്
പന്തളം: പന്തളത്ത് ഫയർസ്റ്റേഷൻ അനുവദിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. പക്ഷേ കടലാസിലേയുള്ളു. പി.കെ. കുമാരൻ എം.എൽ.എ ആയിരുന്നപ്പോഴാണ് അനുമതി ലഭിച്ചത്. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കാം എന്നായിരുന്നു വ്യവസ്ഥ. ഇതോടൊപ്പവും അതിനു ശേഷവും അനുവദിച്ച ഫയർ സ്റ്റേഷനുകൾ ആരംഭിച്ചെങ്കിലും പന്തളത്തെ പണിപാതിവഴിയിൽ നിലച്ചു.
2006 -07 പദ്ധതിയിലുൾപ്പെടുത്തി പൂഴിക്കാട് ചിറമുടിയിലുള്ള പഞ്ചായത്തുവക സ്ഥലത്ത് അടിസ്ഥന സ്വകര്യങ്ങളൊരുക്കുന്നതിന് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. വാഹനമിടുന്നതിന് ഷെഡും ഓഫീസ് മുറിയും വാട്ടർടാങ്കും നിർമ്മിക്കുന്നതിനായിരുന്നു തുക. പണി പകുതിയാക്കി കരാറുകാരൻ ഉപേക്ഷിച്ചു. ഇവിടം കാടുമൂടി കിടക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുളനടയിൽ ഫയർ സ്റ്റേഷൻ തുടങ്ങാൻ അന്നത്തെ ആറൻമുള എം.എൽ.എ അഡ്വ:കെ. ശിവദാസൻ നായർ ശ്രമിച്ചിരുന്നു. അപ്പോൾ പന്തളത്തുതന്നെ തുടങ്ങുമെന്നും ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.
പന്തളം വലിയ പാലത്തിനു സമീപമുള്ള പി.ഡബ്ല്യു.ഡി പുറമ്പോക്കാണ് എം.എൽ.എ കണ്ടെത്തിയത്. പക്ഷേ സ്ഥലം വിട്ടു നൽകാൻ പി.ഡബ്ല്യു.ഡി തയ്യാറായില്ല. ഓഫീസ് പണിയുന്നതിന് ഈ സ്ഥലം വേണമെന്നാണ് അവർ പറയുന്നത്. ഇപ്പോൾ പി.ഡബ്ല്യു.ഡി ഓഫീസ് പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിയുന്നതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് രണ്ട് വർഷം മുമ്പ് നഗരസഭ എം.എം ജംഗ് ഷൻ നൂറനാട് റോഡിൽ പൂഴിക്കാട് തോണ്ടുകണ്ടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കെട്ടിടവും കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. പിന്നീട് ഉടമ വ്യാപാര സ്ഥാപനങ്ങൾക്ക് ആകെട്ടിടങ്ങൾ വാടകയ്ക്ക് നൽകുകയായിരുന്നു.
കഴിഞ്ഞ പന്തളം നഗരസഭാ ഭരണ സമിതിയാണ് ചിറമുടിയിലുള്ള 40 സെന്റ് സ്ഥലം ഫയർഫോഴ്സിന് നൽകിയത്.
സേന വരുന്നത് ദൂരെനിന്ന്
പന്തളം നഗരസഭ, തുമ്പമൺ, കുളനട, മെഴുവേലി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ അടൂർ, പത്തനംതിട്ട ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് എത്തുന്നത്. പലപ്പോഴും ഇതുകൊണ്ട് പ്രയോജനമില്ല . ശബരിമല സീസണിൽ മാത്രം പന്തളത്ത് താത്കാലിക ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
40 സെന്റ് സ്ഥലം
പണി പാതിവഴിയിൽ നിലച്ചു