
പത്തനംതിട്ട: പ്രമാടം പാറക്കടവ് പാലം ജംഗ്ഷന് സമീപം ആരംഭിക്കുന്ന ഫീൽഡ് ഫുട്‌ബാൾ ടർഫിന്റെ ഉദ്ഘാടനം ആറിന് വൈകിട്ട് 5ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസെൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ ടൂർണമെന്റ് നടക്കും. രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ടർഫ് നിർമ്മിച്ചതെന്ന് ഡോ. ആർ.സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രണ്ടേക്കറിൽ 17000 ചതുരശ്ര അടിയിൽ നിർമ്മിച്ച ടർഫിൽ ഫുട്ബാളും ക്രിക്കറ്റും കളിക്കാം. രാജ്യാന്തര ഫുട്ബാൾ ഫൈവ്സിന്റെയും സെവൻസിന്റെയും കോർട്ടുകളുണ്ട്. രാത്രി ഫ്ളഡ് ലൈറ്റിൽ കളിക്കാം.
ഉടൻ ആരംഭിക്കുന്ന ഫുട്ബാൾ കോച്ചിംഗ് അക്കാഡമിയിൽ കൊച്ചു കുട്ടികൾ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങൾ എന്നിവർക്ക് പരിശീലനം ഉണ്ടാകും.
പരിശീലനം നടത്തുന്നവർക്ക് വിശ്രമ മുറികൾ, ടോയ്ലറ്റുകൾ, ഡ്രസറിംഗ് റൂം, കഫെ, പാർക്കിംഗ് ഏരിയ, വൈദ്യ പരിശോധന സൗകര്യങ്ങൾ എന്നിവയുണ്ടാകും.