ഓമല്ലൂർ : ചീക്കിനാൽ- ഊന്നുകൽ റോഡിൽ മാണിക്യത്തറ പടിയിലെ കുരിശടിയുടെ കൽക്കെട്ട് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി. 2003ൽ പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് കോടതി നിയോഗിച്ച കമ്മിഷൻ കൽക്കെട്ട് ഉള്ളതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ വിവരങ്ങൾ കാണിച്ച് 2007ൽ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുൻകൂർ അനുവാദം വാങ്ങാതെയാണ് കുരിശടിയും കൽക്കെട്ടും നിർമ്മിച്ചതെന്ന് ചെന്നീർക്കര വില്ലേജ് ഒാഫീസർ നൽകിയ പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൽക്കെട്ട് ബലക്ഷയമുള്ളതിനാൽ പൊളിച്ചുനീക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
നാല്പതോളം കുടുംബങ്ങളും മറ്റു നിരവധി ആളുകളും യാത്ര ചെയ്യുന്നതാണ് വഴിയെന്ന് നാട്ടുകാർ പറയുന്നു. കുരിശടി നിൽക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് പള്ളിക്കമ്മിറ്റി വിലയ്ക്ക് വാങ്ങിയതാണെങ്കിലും അനുബന്ധമായി നിർമ്മിച്ച കൽക്കെട്ട് പൊതുമരാമത്ത് സ്ഥലം കൈയേറി നിർമ്മിച്ചതാണെന്ന് പരാതി ഉയർന്നിരുന്നു.