ചെങ്ങന്നൂർ: നവോത്ഥാനത്തിന്റെ ഏറ്റവും ശക്തമായ ആശയം സമൂഹത്തിൽ അവതരിപ്പിച്ച ലോക ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 364-ാം നമ്പർ പുന്തല ശാഖ എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ ഉത്തമനാക്കാനുള്ള പ്രധാനപ്പെട്ട ഘടകം വിദ്യാലയമാണെന്ന് സമൂഹത്തോട് പറഞ്ഞ ശ്രീനാരായണ ഗുരുദേവൻ പ്രധാനപ്പെട്ട ആലയം വിദ്യാലയമാക്കണമെന്ന് ലോകത്തെ പഠിപ്പിച്ചു. ആത്മീയതയ്ക്ക് അപ്പുറം മനുഷ്യത്വമാണ് വേണ്ടതെന്ന് സമൂഹത്തോട് ആഹ്വാനം ചെയ്ത അദ്ദേഹം ജാതി വിവേചനത്തിനും മേൽക്കോയ്മയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ശക്തമായി നിലകൊണ്ടു. കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാത്തതിന് കാരണം ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമിയുടെയും അയ്യങ്കാളിയുടെയും വാഗ്ഭടാനന്ദന്റെയും സ്വാധീനമാണെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ ഐ.ടി ലാബിന്റെയും വനിതാസംഘം സമർപ്പിച്ച പൊതു ഗ്രന്ഥശാലയുടെയും ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് സർക്കാർ സ്കൂളുകൾ ഹൈടെക് സ്കൂളുകളാക്കി മാറ്റി വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. യുണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് വി.എൻ സുകു റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗങ്ങളായ മോഹനൻ കൊഴുവല്ലൂർ, ജയപ്രകാശ് തൊട്ടാവാടി, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ, സുരേഷ് വല്ലന, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.പി, വൈസ് പ്രസിഡന്റ് രമേശ് കുമാർ, വാർഡ് അംഗം മനോജ് എം. മുരളി, വെണ്മണി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ബാബു, സുഷമ. ജി, ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ പിള്ള. കെ, ശാഖാ യൂണിയൻ കമ്മിറ്റിയംഗം ബിനു ഭാസ്കർ, യുണിയൻ വനിതാസംഘം കോ-ഓർഡിനേറ്റർ ശ്രീകല സന്തോഷ്, യൂണിയൻ യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽരാജ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ സെക്രട്ടറി റീനാ അനി, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി. ഗ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി സന്തോഷ് സി. നന്ദിയും പറഞ്ഞു.