പത്തനംതിട്ട: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി എം. പി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനത്തിനു വേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കർഷകരെ നിരാശപ്പെടുത്തുന്നതാണ് വിധി. ജണ്ടയിട്ട് വനം മാത്രം പരിസ്ഥിതിലോലമാക്കി ജനവാസകേന്ദ്രങ്ങളും പ്ലാന്റേഷനുകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് 2014 ലെ മൻമോഹൻസിംഗ് സർക്കാർ പുറത്തിറക്കിയത്. ഈ വിജ്ഞാപനം 8 വർഷത്തിനിടയിൽ 16 തവണ പുതുക്കി. ഇടക്കാല ഉത്തരവായി പുറത്തിറക്കിയതല്ലാതെ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. അടിയന്തരമായി സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകിയില്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറത്തുവിടാൻ കഴിയു . പരിസ്ഥിതി മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല എന്നു പറയമ്പോൾ കർഷകർക്ക് വീടുകൾ നിർമ്മിക്കുവാനോ കിണറുകൾ കുഴിക്കുവാനോ കഴിയില്ല. ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിൽ 123 വില്ലേജുകളിലായി 9993.7 സ്‌ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി കണ്ടെത്തിയിരുന്നുവെന്ന് ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.

ഏഴിന് കോൺഗ്രസ് ഹർത്താൽ

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലും ഏഴിന് കോൺഗ്രസ് ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.