പത്തനംതിട്ട: നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ നാളെ മുതൽ കർഷകരെ പങ്കെടുപ്പിച്ച് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മോദി സർക്കാരിന്റെ വിവിധ പദ്ധതികളിൽ ജില്ലയിൽ ആറരലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ട്.
സംസ്ഥാന സർക്കാർ നിഷേധാത്മക നിലപാടാണ് കേന്ദ്ര പദ്ധതികൾക്കെതിരെ സ്വീകരിക്കുന്നത്. പദ്ധതികൾ അട്ടിമറിക്കുക മാത്രമല്ല ചിലത് പേരുമാറ്റി തങ്ങളുടെ സ്വന്തമാക്കാനും ശ്രമിച്ചു. അമൃത് പദ്ധതി പത്തനംതിട്ട നഗരത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതികൾ ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത മൂലം നഷ്ടമായി. പമ്പയും അച്ചൻകോവിലും മണിമലയും ഉൾപ്പടെ നിരവധി ശുദ്ധജല സ്രോതസുകൾ ഉണ്ടായിട്ടും വേനൽക്കാലത്ത് ജനം വെള്ളത്തിനായി നെട്ടോട്ടമോടുന്നു. ജില്ലയിലെ ആദിവാസികളുടെ സഹായത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിച്ചില്ല. കിസാൻ സമ്മാൻ നിധിയിൽ 1,51,346 പേർക്ക് ജില്ലയിൽ സഹായം നൽകുന്നു. കോന്നി മെഡിക്കൽ കോളേജിന് 167.33 കോടി നൽകി. പ്രീ സ്‌കൂളുകൾ മോഡൽ സ്കൂളുകളാക്കാൻ 1കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചതായി സൂരജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, വൈസ് പ്രസിഡന്റുമാരായ അജിത് പുല്ലാട്, കെ.ബിനുമോൻ എന്നിവരും പെങ്കടുത്തു.