പത്തനംതിട്ട: കൊവിഡ് വ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികൾക്ക് കൊവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം. മഴക്കാലരോഗങ്ങളും കൊവിഡുൾപ്പടെയുള്ള പകർച്ചവ്യാധികളും പിടിപെടാനുള്ള സാദ്ധ്യത ഉള്ളതിനാൽ മാസ്‌ക് ധരിക്കൽ, കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങൾ എന്നിവ പാലിക്കണം. അർഹരായ എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണം
സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് നിർബന്ധമായും വാക്‌സിൻ എടുക്കുന്നതിനുള്ള നടപടി രക്ഷിതാക്കളും അദ്ധ്യാപകരും സ്വീകരിക്കണമെന്ന് ഡോ. എൽ. അനിത കുമാരി അറിയിച്ചു. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോർബേ വാക്‌സും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിനുമാണ് നൽകുന്നത്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികൾ രക്ഷിതാക്കളുടേയോ നോഡൽ അദ്ധ്യാപകരുടേയോ സാന്നിദ്ധ്യത്തിൽ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കണം. ആരോഗ്യ വകുപ്പിലെ ഫീൽഡ്തല ഉദ്യോഗസ്ഥർ തങ്ങളുടെ ഏരിയയിലെ സ്‌കൂളുകൾ സന്ദർച്ച് കൊവിഡ് വാക്‌സിനേഷന്റെ ബോധവൽക്കരണ ക്ലാസുകൾ നടത്തും.