waste

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ റിംഗ് റോഡിൽ അജൈവ മാലിന്യ ശേഖരണ (എം.സി.എഫ്) കേന്ദ്രങ്ങൾക്ക് മുന്നിൽ മാലിന്യം തള്ളുന്നത് പതിവായി. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാണ് മാലിന്യം കൊണ്ടിടുന്നത്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം എം.സി.എഫ് കേന്ദ്രങ്ങളിൽ നേരിട്ട് ശേഖരിക്കില്ലെന്ന് അറിയാതെയാണ് പലരും കവറുകൾ കൊണ്ടിടുന്നത്. നഗരത്തിൽ റിംഗ് റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപം പൊതുശ്മാശാനത്തോട് ചേർന്ന ഭാഗത്താണ് എം.സി.എഫ് കേന്ദ്രം. ഇതിന് മുന്നിലെ ഇടറോഡിനടുത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. എം.സി.എഫ് കേന്ദ്രത്തിൽ മാലിന്യം നിറഞ്ഞ് തെരുവ് നായകളും മറ്റും പുറത്തേക്ക് വലിച്ചിടുന്നുണ്ട്. മഴ നനഞ്ഞ് ചീഞ്ഞ മാലിന്യം ദുർഗന്ധം പരത്തുന്നു. റിംഗ് റോഡിലൂട‌െ സഞ്ചരിക്കുന്നവർ ദുർഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തുന്നു. പകൽ തിരക്കേറിയ ഇൗ ഭാഗത്ത് രാത്രികാലങ്ങളിലെത്തിയാണ് മലിന്യം തള്ളുന്നത്. വീടുകളിലെയും അറവുശാലങ്ങളിലെയും മാലിന്യമാണ് ഏറെയും.

വാർഡുകളിൽ നിന്ന് ഹരിതകർമ്മ സേന സംഭരിക്കുന്ന മാലിന്യം തരംതിരിച്ച് എം.സി.എഫ് കേന്ദ്രങ്ങളിലാണ് ശേഖരിക്കുന്നത്. ഇത് സംസ്കരണ ഏജൻസികൾ എടുക്കാതെ വരുമ്പോഴാണ് നിറഞ്ഞു കവിയുന്നത്. ഇതുകാരണം ഹരിതകർമ്മ സേനകൾക്ക് മാലിന്യം സംഭരിക്കാൻ കഴിയുന്നില്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംഭരിക്കാൻ ഹരിത കർമ്മസേന എത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുമുണ്ട്.

'' എം.സി.എഫ് കേന്ദ്രങ്ങൾ മാലിന്യം നേരിട്ട് കൊണ്ടിടാനുള്ളതല്ല. ഹരിതകർമ്മ സേന സംഭരിക്കുന്നതാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇത് അറിയാതെ വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്.

സിന്ധു അനിൽ,

നഗരസഭാ കൗൺസിലർ