പ്രമാടം : വേഗതനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് അപകട ഭീഷണി നിലനിൽക്കുന്ന പ്രമാടം സ്കൂൾ ജംഗ്ഷനിൽ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ആവശ്യപ്പെട്ട് അദ്ധ്യാപകരും രക്ഷാകർത്താക്കളും നിവേദനം നൽകും. ഗവ.എൽ.പി സ്കൂൾ, നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രഗതി ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. അടുത്ത ദിവസങ്ങളിൽ പി.ടി.എ യോഗം ചേർന്ന ശേഷം കെ.യു.ജനീഷ് കുമാർ എം.എൽ.എ,പൊതുമരാമത്ത് വകുപ്പ്, ആർ.ടി.ഒ, ട്രാഫിക് പൊലീസ് എന്നിവർക്ക് നിവേദനം നൽകാനാണ് തീരുമാനം. അദ്ധ്യായനം തുടങ്ങിയിട്ടും സ്കൂൾ ജംഗ്ഷനിൽ ഹംബുകളും വേഗപരിധി ബോർഡുകളും സീബ്രാ ലൈനുകളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വേഗതനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. നേരത്തെ പൂങ്കാവ്- വേലൻകടവ് റോഡിലും പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലും സ്കൂളിന് സമീപം ഹംബുകളും സീബ്രാലൈനുകളും ഉണ്ടായിരുന്നു. നൂറ് മീറ്റർ മാറി വേഗത നിയന്ത്രണ ബോർഡുകളും സമീപത്ത് സ്കൂൾ ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത ഇവ ഇതുവരെയും പു:നസ്ഥാപിച്ചിട്ടില്ല. ഭൂരിഭാഗം കുട്ടികളും റോഡിൽ എത്തിയ ശേഷമാണ് വാഹനങ്ങളിൽ കയറുന്നത്. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചുപായുന്നത്.