റാന്നി : നാറാണമൂഴി പഞ്ചായത്തിലെ ചണ്ണയിൽ സൗരോർജ വേലി തകർത്തു കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചണ്ണ പ്ലാംകൂട്ടത്തിൽ ശ്യാം സത്യന്റെ പുരയിടത്തിലെ തെങ്ങും, വാഴയും, പ്ലാവും കാട്ടാന നശിപ്പിച്ചു. കൂടാതെ, നന്ദനൻ പനച്ചിപ്പാറ, ഗോപാലകൃഷ്ണൻ പനച്ചിപ്പാറ, പൊടിയമ്മ ചണ്ണത്തടത്തിൽ എന്നിവരുടെ കൃഷി വകകളും സൗരോർജ്ജ വേലി തകർത്തെത്തിയ കാട്ടാന നശിപ്പിച്ചു. മുമ്പ് വ്യാപകമായ രീതിയിൽ കാട്ടാനകളുടെയും മറ്റു വന്യ ജീവികളുടെയും ആക്രമണം കൂടിയതോടെയാണ് വനംവകുപ്പ് ഈ പ്രദേശങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിച്ചത്. എന്നാൽ ഒരാഴ്ചയായി കാട്ടാന ശല്യം വീണ്ടും രൂക്ഷമാണ്. പ്രദേശവാസികൾക്കും ഭീഷണിയായി തുടങ്ങിയതോടെ കുടമുരുട്ടി ചണ്ണ മേഖലയിൽ താമസിക്കുന്നവർ ആശങ്കയിലാണ്. സൗരോർജ വേലി നശിപ്പിച്ചു കാട്ടാന എത്തുന്നത് ആളുകളിൽ ഭീതി വിതച്ചിട്ടുണ്ട്. പലരും ഈ മേഖലയിലെ കൃഷി അവസാനിപ്പിക്കുകയും വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ നിന്നും താമസം മാറുവാനുള്ള തയാറെടുപ്പിലുമാണ്. വനം വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.മഴക്കാലമായതോടെ കൂടുതൽ വേഗത്തിൽ കാടുകൾ കിളിർത്തതും, മരക്കൊമ്പുകൾ ഒടിഞ്ഞു വീണ് വൈദ്യുതിയുടെ പവർ കുറയാൻ കാരണമായിട്ടുണ്ട്. കരികുളം വനം വകുപ്പ് ഓഫീസിൽ നിന്നും മറ്റും ഉദ്യോഗസ്ഥരെത്തി ദിവസവും സൗരോർജ്ജ വേലിയുടെ കാര്യങ്ങൾ പരിശോധിക്കുക എന്നത് പ്രായോഗികമല്ല. വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ വേലിയിൽ വൈദ്യുതി പവർ കുറയാൻ കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്ന് വനംവകുപ്പ് അധികൃതർ ആവശ്യപ്പെടുന്നുണ്ട്.
.........................
വനമേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ സൗരോർജ്ജ വേലി സ്ഥാപിച്ചതുകൊണ്ട് പ്രയോജനമുണ്ടാവു. ഒറ്റപ്പെട്ട സംഭവമാണ് ഇപ്പോഴുണ്ടായത് ജനങ്ങളുമായി ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണും
വനം വകുപ്പ് അധികൃതർ
............................
വന്യ ജീവികൾ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നതിൽ ആശങ്കയുണ്ട്. ആനയുടെയും കാട്ടുപന്നിയുടെയും ശല്യം കാരണം ഈ മേഖലയിൽ കൃഷി ചെയ്തു ജീവിക്കുക എന്നത് പ്രയാസമായി മാറിയിരിക്കുകയാണ്
രാജൻ
(പ്രദേശവാസി)