ചെങ്ങന്നൂർ: ബി.ജെ.പി ഭരിക്കുന്ന പാണ്ടനാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം വിജയിച്ചു. എൽ.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങൾ ഒന്നിച്ചതോടെയാണ് പ്രമേയം വിജയിച്ചത്. നേരത്തെ പഞ്ചായത്തിലെ സി.പി.എം അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് ടി.സി.സുരേന്ദ്രൻ നായർക്കെതിരെ നൽകിയ അവിശ്വാസ പ്രമേയം ഏഴു വോട്ടുകളോടെയാണ് പാസായത്. 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി 6, സി.പി.എം 5, കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷിനില.എന്നാൽ ബി.ജെ.പി. അംഗമായ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയില്ലായെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ പ്രസിഡന്റിനെതിരെയും പ്രമേയം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. അവിശ്വാസം വിജയിച്ചതോടെ ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തെപ്പറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പി.എം. ശൈലജ പറഞ്ഞു.