തിരുവല്ല: രാമപുരം മാർക്കറ്റ് ജംഗ്‌ഷനിൽ നിന്നു ശ്രീവല്ലഭ ക്ഷേത്രത്തിലേക്കുള്ള റോഡിൽ പാലിപാലം വരെയുള്ള ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമായി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഓടയിൽ കുടുങ്ങിക്കിടന്ന ഒന്നരയടിയോളം ചെളിമണ്ണ് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. ഓടയുടെ സംരക്ഷണഭിത്തികൾ തകർന്നതിന്റെ അറ്റകുറ്റപ്പണികൾ നടത്തി. തകർന്നുകിടന്ന ഓടയുടെ മേൽമൂടികൾ മാറ്റി പുതിയത് സ്ഥാപിച്ചു. ചെറിയമഴ പെയ്താൽപോലും ആളുകൾക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയിരുന്നു. വാഹനങ്ങൾ അമിത വേഗത്തിൽ പോകുമ്പോൾ സമീപത്തെ കടകളിലേക്കും റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം തെറിച്ചുവീഴുന്നതിനാൽ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരസഭ 33-ാം വാർഡ് കൗൺസിലർ പൂജാ ജയൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.