 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടി വെള്ളാപ്പള്ളി നടേശന്റ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഭിച്ച വീടിന്റെ ഗൃഹപ്രവേശനം ഇന്ന് നടക്കും. വാടക വീട്ടിൽ കഴിഞ്ഞിരുന്ന വൃന്ദയ്ക്കും സാന്ദ്രയ്ക്കും സ്ക്കൂൾ അദ്ധ്യാപകരും ജീവനക്കാരും ചേർന്നാണ് മനോഹരമായ സുരക്ഷിത ഭവനം നിർമ്മിച്ചു നല്കിയത്. താമസിക്കാൻ ഇടമില്ലാത്തതിനാൽ ഈ കുടുംബം വാടകയ്ക്ക് കഴിയുകയായിരുന്നു. ആല 13-ാം വാർഡിൽ തടത്തിൽ വിനോദിന്റെയും ഭാര്യ ബിന്ദുവിന്റെയും മക്കളായ ഇരുവരും ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനും 9-ാം ക്ലാസിലും പഠിയ്ക്കുകയാണ്. 880 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന്റെ താക്കോൽ ദാനം മേയ് 29ന് ചേർത്തലയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു. എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം സ്ക്കൂൾ ജീവനക്കാർ വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലി ധന്യ സാരഥ്യ ആഘോഷത്തോടനുബന്ധിച്ച് 32 വീടുകളാണ് നിർമ്മിച്ചു നൽകിയത്.