jaya
അറസ്റ്റിലായ ജയകുമാർ

അടൂർ: മാദ്ധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ ജയകുമാറിനെ അടൂർ പൊലീസ് അറസ്റ്റു ചെയ്തു. അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് പുകയില, ഉത്പന്നങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയകുമാർ. കാപ്പാ നിയമ പ്രകാരം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. രണ്ടു ദിവസം മുൻപ് ജില്ലയിൽ അതിക്രമിച്ച് കയറിയ ഇയാൾ പ്ലാക്കാട് സ്വദേശിനിയായ വൃദ്ധമാതാവിനെയും മാദ്ധ്യമപ്രവർത്തകനായ മകനെയും ഭീഷണിപ്പെടുത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ് നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ഇന്നലെ നെല്ലിമുകൾ ജംഗ്ഷനിൽ നിന്ന് പിടി കൂടുകയായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പൊലീസ് ഇൻസ് പെക്ടർ പ്രജീഷ്.ടി.ഡി, സബ് ഇൻസ് പെക്ടർ വിപിൻ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ നിസാർ, സനൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.