2
കടമ്പനാട് ജംഗ്ഷൻ

കടമ്പനാട് : വാഹനത്തിരക്കിൽ ശ്വാസംമുട്ടുകയാണ് കടമ്പനാടിന്. സ്കൂൾ തുറന്നതോടെ ജംഗ്‌ഷനിൽ തിരക്കേറി. നിരവധി സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, പുരാതനമായ ശ്രീമൂലം ചന്ത, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയെല്ലാം ജംഗ്ഷനിലും പരിസരത്തുമാണ്. ബസ് സ്റ്റോപ്പും ഓട്ടോ - ടാക്സി സ്റ്റാൻഡും ജംഗ്ഷനോട് ചേർന്ന് റോഡരുകിൽ തന്നെയാണ്. കാൽനടയാത്ര പോലും ഇവിടെ ദുസഹമാണ്. കടമ്പനാട് - ഏനാത്ത് - ഏഴംകുളം - മിനി ഹൈവേ ജംഗ്ഷനിൽ നിന്നാണ് തുടങ്ങുന്നത്. 181 എ നാഷണൽ ഹൈവെയാണ് പ്രധാന റോഡ്. നാഷണൽ ഹൈവെയായി പ്രഖ്യാപിച്ചതല്ലാതെ നിർമ്മാണം ആരംഭിച്ചിട്ടില്ല. സീബ്രാ ലൈനോ മറ്റ് ട്രാഫിക് സംവിധാനങ്ങളോ ഇല്ല. അടൂർ ഭാഗത്തേക്കുള്ള റോഡിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച വെയിറ്റിംഗ് ഷെഡാണ് ആകെയുള്ളത്.

വേണം, റിംഗ് റോഡ്

റോഡ് വികസനമാണ് കടമ്പനാടിന് അത്യാവശ്യം. ഗതാഗതക്കുരുക്ക് അഴിച്ച് യാത്രാ സുഗമമാക്കാൻ റിംഗ് റോഡ് പദ്ധതി അനിവാര്യമാണ്.

2017ൽ കടമ്പനാട് വികസനത്തെക്കുറിച്ച് "കടമ്പ കടക്കാതെ കടമ്പനാട് " എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയിൽ മുന്നോട്ട് വച്ച റിംഗ് റോഡ് എന്ന ആശയത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

വില്ലേജ് ഓഫീസിന്റെ ഭാഗത്ത് നിന്ന് തുടങ്ങി മാർക്കറ്റിനു പടിഞ്ഞാറ് വശത്തെത്തി സ്റ്റേഡിയത്തിന് സമീപത്തുകൂടി ഇ.എസ്.ഐ ജംഗ്ഷനിൽ മെയിൻ റോഡിലെത്തുന്ന റോഡ് വികസിപ്പിച്ചാൽ ഏഴാംമൈലിൽ നിന്നു വരുന്ന വാഹനങ്ങൾക്കും അടൂരിൽ നിന്ന് ശാസ്താംകോട്ടയ്ക്ക് പോകുന്ന വാഹനങ്ങൾക്കും ജംഗ്ഷനിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയും. അടൂർ ശാസ്താംകോട്ട റോഡിന് സമാന്തരമായുള്ള കനാൽ റോഡ് നവീകരിച്ച് ടാർ ചെയ്യണം.

അടൂരിൽ നിന്നും ഏഴാംമൈൽ ഭാഗത്തുനിന്നും വരുന്നവർക്കും കനാൽ റോഡ് ഉപകാരമാകും. വില്ലേജ് ഓഫീസിനടുത്ത് നിന്ന് പഴയ വിഷ്ണു തീയേറ്റർ റോഡ് നവീകരിച്ച് കനാൽ റോഡുമായി ബന്ധിപ്പിക്കുകയും ഇ.എസ്.ഐ ജംഗ്‌ഷനിൽ നിന്ന് കനാൽ റോഡുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡ് വികസിപ്പിക്കുകയും ചെയ്താൽ റിംഗ് റോഡായി ഉപയോഗിക്കാം. റിംഗ് റോഡ് യാഥാർത്ഥ്യമായാൽ കടമ്പനാടിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾക്കുള്ള വഴിയൊരുക്കമാകും. കനാൽ റോഡ് വലിയ തകർച്ചയിലാണിപ്പോൾ. കടമ്പനാട് ജംഗ്‌ഷനിൽ നിന്ന് ചക്കുവള്ളിക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് പത്തനംതിട്ട ജില്ലയുടെ ഭാഗം വരുന്ന രണ്ട് കിലോമീറ്റർ മാത്രമാണ്. ഇവിടെ കൊല്ലം ജില്ലയുടെ ഭാഗത്തെ റോഡ് ഒരു കിലോമീറ്റർ ഒഴിച്ചാൽ ചക്കുവള്ളി വരെയും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ചതാണ്. ജില്ലയുടെ ഭാഗത്തെ റോഡ് നവീകരിച്ചാൽ പത്തനാപുരത്ത് നിന്ന് ഏനാത്ത് വഴി കടമ്പനാട് എത്തി ചക്കുവള്ളി - കരുനാഗപ്പള്ളിക്ക് എളുപ്പമാർഗമാകും.