underpass

തിരുവല്ല: ഇരുവെള്ളിപ്ര, കുറ്റൂർ അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വീണ്ടും ശ്രമം. ഇതിനായി റെയിൽവേ പദ്ധതികൾ തയ്യാറാക്കി.

റെയിൽവേ അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. നിർമ്മാണം അടുത്തയാഴ്ച തുടങ്ങിയേക്കും. മഴക്കാലത്ത് റെയിൽവേ അടിപ്പാതയിലുടെയുള്ള യാത്ര ദുരിതപൂർണമാണ്. അപകടഭീഷണിയുമുണ്ട്. പരാതികളെ തുടർന്ന് ഫെബ്രുവരിയിൽ ജില്ലാ കളക്ടറും ജനപ്രതിനിധികളും റെയിൽവേ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ അടിപാത സന്ദർശിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് അടിപ്പാതയിലുണ്ടായ കേടുപാടുകളും ചോർച്ചയും പരിഹരിക്കാൻ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടത്തണമെന്ന് കളക്ടർ, റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം പമ്പുചെയ്ത് നീക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കാനും ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് റെയിൽവേ അധികൃതർ സ്ഥലത്തെത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനം നടത്തേണ്ട കരാറുകാരും അടിപ്പാതയിൽ വന്ന് പരിഹാര നടപടികൾ എങ്ങനെ വേണമെന്ന് വിലയിരുത്തി. കുഴികളെല്ലാം നിരപ്പാക്കിയശേഷം വെള്ളം പമ്പുചെയ്ത് കളയാനാണ് നീക്കം. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അനിൽ ജെ.ആർ, അസിസ്റ്റന്റ് ഡിവിഷൻ എൻജിനീയർ കുരുവിള ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

തുടരുന്ന 'പരീക്ഷണങ്ങൾ'

വർഷങ്ങൾക്കുമുമ്പ് പാതയിരട്ടിപ്പിക്കലിനോടൊപ്പമാണ് ലവൽക്രോസ് ഒഴിവാക്കി റെയിൽവേ കുറ്റൂരിൽ അടിപ്പാത പണിതത്. അന്ന് പൊതുജനങ്ങൾ നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. പിന്നീട് വെള്ളക്കെട്ട് യാത്രാതടസം ഉണ്ടാക്കി. പരാതികൾ ഉയർന്നതിനെത്തുടർന്ന് റെയിൽവേ പാളത്തിന് ഇരുവശങ്ങളിലും റോഡിലേക്ക് അലൂമിനിയം ഷീറ്റിട്ട് ആദ്യം മേൽക്കൂര സ്ഥാപിച്ചു. ഇതുകൊണ്ട് പ്രശ്‌നം തീരാതെ വന്നതോടെ വെള്ളക്കെട്ടിന് പരിഹാരമായി സംരക്ഷണഭിത്തിയും വാൽവും ഓടയും നിർമ്മിച്ച് റെയിൽവേ കവചമൊരുക്കി. പലതവണയായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും യഥാർത്ഥ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.