konni-mla1
കെ.യു. ജനീഷ് കുമാർ എം. എൽ. എ. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളിൽ സന്ദർശനം നടത്തി സ്‌കൂൾ പാചകപ്പുരയും ഭക്ഷണവും വിലയിരുത്തുന്നു

കോന്നി : വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളിൽ സന്ദർശനം നടത്തി സ്‌കൂൾ പാചകപ്പുരയും ഭക്ഷണവും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ.
കോന്നി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും മേൽനോട്ടത്തിൽ പരിശോധന നടത്തും. എല്ലാ സൗകര്യവും വൃത്തിയുമുള്ള പാചകപ്പുരയാണുള്ളതെന്നും മികച്ച ഭക്ഷണമാണ് സ്‌കൂളിൽ കുട്ടികൾക്ക് നൽകുന്നതെന്നും എം.എൽ.എ പറഞ്ഞു.
ഗുരുകുലം യു.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ നൃപനോടും കൂട്ടുകാരോടും ഒപ്പമിരുന്ന് ചോറും സാമ്പാറും തോരനും പച്ചടിയുമടങ്ങുന്ന ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് എം.എൽ.എ മടങ്ങിയത്.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലജ അനിൽ, രാധാ ശശി, പി.ആർ.പ്രമോദ്, എ.ഇ.ഒ ടി.എസ്.സന്തോഷ് കുമാർ, നൂൺ മീൽ ഓഫീസർ ശ്യാം കിഷോർ, ഹെഡ്മിസ്ട്രസ് ബിന്ദു. ജി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.