കോഴഞ്ചേരി : കുളിപ്പിക്കാൻ കൊണ്ടുപോകവെ പാപ്പാൻമാരുമായി ഇടഞ്ഞ സീത എന്ന ആന പമ്പയാറ്റിൽ ചാടി. അഞ്ച് മണിക്കൂറോളം പാപ്പാൻമാരെയും നാട്ടുകാരെയും ഉദ്വേഗത്തിലാക്കിയ ശേഷം ആന കരയ്ക്കുകയറി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാപ്പാൻമാരുടെ നിർദേശം പാലിക്കാതെ ആന ആറ്റിൽ ചാടിയത്. വൈകിട്ട് ആറ് മണിക്ക് തനിയെ കരയ്ക്ക് കയറി. കോഴഞ്ചേരി കളിയാക്കാവിള സ്വദേശി അനിലിന്റേതാണ് ആന. തടിപ്പണികൾക്കുകൊണ്ടുപോയ ശേഷം മൂക്കന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഒരു മാസത്തോളമായി ആനയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആനയെ കുളിപ്പിക്കുന്നതിനായി പഞ്ചായത്ത് റോഡിൽ കൂടി കൈലാത്ത് കടവിൽ എത്തിച്ചു. പമ്പയിലിറക്കിയ ആന ഇടഞ്ഞ് അക്കരെ ചെറുകോൽ പഞ്ചായത്തിലെ പുതമൺ കടവിലെത്തി. തുടർന്ന് തിരിച്ച് ആറ്റിലിറങ്ങി കിഴക്കോട്ട് അരകിലോമിറ്റർ നീങ്ങിയ ശേഷം ഏകദേശം മദ്ധ്യഭാഗത്തായി നിലയുറപ്പിച്ചു. ഇൗ സമയം മൂക്കന്നൂർ കരയിൽ നിന്ന് രണ്ട് പാപ്പാൻമാർ നീന്തി പുതമൺ കരയിലെത്തി. പഴക്കുല കാട്ടി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. അഞ്ച് മണിക്കൂറോളം നദിയിൽ നിലയുറപ്പിച്ച ആനയെ കാണാൻ ഇരു കരകളിലും ആളുകൾ തടിച്ചുകൂടി. ഒടുവിൽ, വൈകിട്ട് ഇരുട്ടുവീണതോടെ നദിയിലേക്ക് ഇറങ്ങിയ വഴിയിലൂടെ ആന കരയ്ക്ക് കയറി. പ്രധാന പാപ്പാൻമാരെത്തി ആനയെ മൂക്കന്നൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തളച്ചു. അപകടകരമായ സാഹചര്യമുണ്ടായാൽ നേരിടാൻ പുതമൺകരയിൽ എലിഫൻഡ് ഗാർഡ്, ഫയർഫോഴ്സ്, പൊലീസ് ടീം അംഗങ്ങൾ നിലയുറപ്പിച്ചിരുന്നു.