 
പ്രമാടം : വെട്ടിപ്പൊളിച്ച റോഡിൽ വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം. പൂങ്കാവ് - പ്രമാടം മഹാദേവക്ഷേത്രം -പത്തനംതിട്ട റോഡിലെ കുഴിയിലാണ് വാഴനട്ടത്. പ്രമാടം സ്കൂൾ ജംഗ്ഷനും വായനശാലയ്ക്കും ഇടയിലായി പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പ് നടത്തിയ പണിക്ക് ശേഷമാണ് കുഴി നികത്താതെ കിടക്കുന്നത്. ഓട നിർമ്മാണത്തിന്റെ ഭാഗമായാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇൗഭാഗത്ത് അപകടങ്ങൾ അപകടങ്ങൾ പതിവാണ്. രാത്രി സമയങ്ങളിലാണ് കൂടുതൽ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത്. സ്കൂൾ തുറന്നതോടെ രക്ഷിതാക്കൾ ഭീതിയിലാണ്. നിരവധി കുട്ടികളാണ് സൈക്കിളിലും കാൽനടയായും ഇതുവഴി യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. കുഴിയിലും സമീപത്തും കരിയിലകൾ നിറഞ്ഞുകിടക്കുകയാണ്.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗമാണിത്. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ഓട നിർമ്മിക്കാനാണ് ആഴമുള്ള കുഴിയെടുത്തത്. . എന്നാൽ ഓട വഴിയെത്തുന്ന വെള്ളം അശാസ്ത്രീയമായാണ് സമീപത്തെ പാടശേഖരിലേക്ക് ഒഴുക്കി വിടുന്നതെന്ന് കാട്ടി സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെ പണി മുടങ്ങുകയായിരുന്നു.
ഇവിടം ഒഴികെയുളള ഭാഗങ്ങളിൽ റോഡ് ഉയർത്തലിന്റെയും വീതികൂട്ടലിന്റെയും ആദ്യഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്.മുടങ്ങിക്കിടക്കുന്ന ഓടയുടെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ കുഴി മൂടി അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം..