varattar


ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ നടക്കുന്ന വ്യാപക മണൽക്കൊളളയ്ക്ക് ചെങ്ങന്നൂർ ആർ.ഡി.ഒയുടെ ഒത്താശയെന്ന് ആരോപണം. രേഖാമൂലം ആയിരക്കണക്കിന് ലോഡ് മണൽ വിറ്റിട്ടും ഇക്കാര്യം ആർ.ഡി.ഒ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ജനകീയ കൂട്ടായ്മയുടെ ഹർജിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം കളക്ടറോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കളക്ടറുടെ നിർദ്ദേശപ്രകാരം ആർ.ഡി.ഒ നൽകിയ റിപ്പോർട്ടിലാണ് ദുരന്തനിവാരണ വകുപ്പിന്റെ നിർദ്ദേശം പാലിച്ച് എക്കൽ, ചെളി നീക്കം കൃത്യമായി നടക്കുന്നുണ്ടെന്നും നിയമം മറികടന്ന് മണൽഖനനം ചെയ്യുന്നില്ലെന്നും പറഞ്ഞിരിക്കുന്നത്. ജനകീയ സമിതി ഭാരവാഹികളായ ജയേഷ് കുട്ടമത്തേത്ത്, ഡോ. ഗീതാ അനിൽകുമാർ, വിനു വി. പിളള, ഗീത് ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്

ആലപ്പുഴ ജില്ലയിലെ ഇടനാടിനെയും പത്തനംതിട്ട ജില്ലയിലെ കോയിപ്രത്തെയും വേർതിരിച്ച് ഒഴുകുന്നതാണ് ആദിപമ്പ. ജലസേചനവകുപ്പിന്റെ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 3400 മീറ്റർ ക്യൂബ് മണ്ണാണ് എം.സി. റോഡിനു സമീപം കല്ലിശേരിയിലുള്ള യാർഡിൽ നിന്നുമാത്രം വിറ്റു പോയത്. ഇതിനുപുറമേ ആദ്യഘട്ടത്തിൽ ലോറികളിൽ കടത്തിയമണ്ണ് എങ്ങോട്ടാണ് കൊണ്ടുപോയെന്ന് ആർക്കുമറിയില്ല. ഒപ്പം അടുത്തിടെ കുന്നേക്കാട് ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള യാർഡിലും മണലെത്തിച്ചിട്ടുണ്ട്. ഇതിന്റെ കണക്കും ലഭ്യമാകാനുണ്ട്. ഇത്രയധികം മണൽ വില്പന രേഖാമുലം നടന്നു കഴിഞ്ഞ ശേഷമാണ് ചെങ്ങന്നൂർ ആർ.ഡി.ഒ. മണൽ ഖനനം നടക്കുന്നില്ലെന്ന് പറഞ്ഞത്.

നടക്കുന്നത് മണൽനീക്കം മാത്രം

ആദിപമ്പ വരട്ടാർ പുനരുജ്ജീവനത്തിനായി മണ്ണും മണലും നീക്കം ചെയ്യാൻ നൽകിയ കരാറിന്റെ കാലാവധി കഴിഞ്ഞ മേയ് 20ന് അവസാനിച്ചപ്പോൾ പൂർത്തിയായത് 10 ശതമാനം ജോലികൾ മാത്രമാണ്. ഇടനാട് വഞ്ഞിപ്പോട്ടിൽ കടവിലെ ജോലികളിൽ മണൽനീക്കം മാത്രമാണ് നടക്കുന്നതെന്ന് ഇറിഗേഷൻവകുപ്പും വിലയിരുത്തിയിരുന്നു. 20ന് അവസാനിച്ചെങ്കിലും അതിനു മുൻപേ കാലാവധി നീട്ടിക്കിട്ടാൻ കരാറുകാരൻ അപേക്ഷ നൽകിയെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ വിശദീകരണം. ആദ്യഘട്ടങ്ങളിൽ ജനങ്ങൾക്കുള്ള പ്രവേശനംപോലും നിഷേധിച്ചാണ് പണികൾ നടന്നിരുന്നത്.

കോടികളുടെ നഷ്ടം


ഒരു ക്യുബിക് മീറ്ററിന് 500 രൂപ പ്രകാരം 17 ലക്ഷം രൂപയാണ് റോയൽറ്റി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. എന്നാൽ പൊതുവിപണിയിലെ വിലയനുസരിച്ച് ഈ മണലിന് 15 കോടിക്ക് മുകളിൽ വിലവരും. പ്രളയത്തിൽ വരട്ടാറിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മണലുമെല്ലാം ഒരുപൊലെ നീക്കം ചെയ്യാനാണ് കരാർ നൽകിയത്. എന്നാൽ യന്ത്രസാമഗ്രികളുപയോഗിച്ച് നദിയുടെ അടിത്തട്ടിലെ മണൽ വലിച്ചെടുത്ത് കഴുകി അരിച്ച് വേർതിരിച്ചെടുത്ത് യാർഡിലേക്ക് മാറ്റി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.