busstand
നഗരസഭാ ബസ് സ്റ്റാൻഡ്

പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡിന്റെ യാർഡ് നവീകരണത്തിനായി എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. ബസ് സ്റ്റാൻഡ് നവീകരണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. യാർഡ് ബലപ്പെടുത്തുന്നതിനായി തയാറാക്കിയ 2 കോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് കൗൺസിൽ യോഗം ഐകകണ്ഠേന അനുമതി നൽകിയത്. തിരുവനന്തപുരം ഗവ .എൻജിനീയറിംഗ് കോളേജ് നടത്തിയ മണ്ണ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. മണ്ണ് പരിശോധനയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ യാർഡ് നിർമ്മാണത്തിനായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ശരിയായ നിലയിൽ യാർഡ് മണ്ണിട്ട് ഉറപ്പിക്കാൻ ഇതുമൂലം സാധിച്ചിരുന്നില്ല. നിലവിലുള്ള യാർഡിൽ നിന്ന് 4.5 മീറ്റർ ആഴത്തിൽ മണ്ണ് നീക്കംചെയ്ത ശേഷം പ്ലാസ്റ്റിക് മാലിന്യമടക്കം വേർതിരിച്ചുമാറ്റി വീണ്ടും 15 സെന്റിമീറ്റർ കനത്തിൽ മണ്ണിട്ട് നിറയ്ക്കണമെന്നാണ് എൻജിനീയറിംഗ് കോളേജിന്റെ നിർദ്ദേശം. ശേഷം ഫീൽഡ് ടെസ്റ്റ് നടത്തി 15 സെന്റിമീറ്റർ കനത്തിൽ ലെയറുകളായി യാർഡ് നിർമ്മാണം നടത്താനാണ് എസ്റ്റിമേറ്റ്. ടോപ് ലെയർ നിർമ്മാണത്തിന് ശേഷം ലോഡ് ബെയറിംഗ് പരിശോധിച്ച ശേഷം കോൺക്രീറ്റോ ഇന്റർലോക്കോ ചെയ്യാനാണ് നിർദ്ദേശം. ബസ് സ്റ്റാൻഡിന്റെ കിഴക്കുവശത്തെ തോടിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് പാർക്കിംഗിനായി ഉപയോഗിക്കും.

നഗരസഭാ സ്റ്റേഡിയം സ്‌പോർട്‌സ് ഇതര പ്രവർത്തനങ്ങൾക്കായി നൽകുന്ന കാര്യത്തിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കായി സ്റ്റേഡിയം നൽകുന്നതിന് അനുകൂലമായ നിലപാടാണ് കൗൺസിൽ അംഗങ്ങൾ സ്വീകരിച്ചത്. എന്നാൽ സ്റ്റേഡിയത്തിന്റെ ട്രാക്കിന് കേടുപാടുകൾ ഉണ്ടാവാതെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന അഭിപ്രായം കൗൺസിലിൽ ഉണ്ടായി. ഈ വിഷയം കൂടുതൽ പഠിക്കുന്നതിനായി കലകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

യാർഡ് ബലപ്പെടുത്തുന്നതോടൊപ്പം ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ മാറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

ടി. സക്കീർ ഹുസൈൻ
നഗരസഭാചെയർമാൻ

എസ്റ്റിമേറ്റ് തുക - 2 കോടി 60 ലക്ഷം