 
പത്തനംതിട്ട: മൂന്നാമത്തെ ഉദ്ഘാടനത്തിന് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഒരുക്കം. ഇൗ മാസം 15നാണ് അടുത്ത ഉദ്ഘാടനം. ബസ് സർവീസുകൾ അന്നുമുതൽ ആരംഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്. 2021 ഫെബ്രുവരി 16ന് അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി ടെർമിനൽ ഉദ്ഘാടനം ചെയ്തിരുന്നു. ബസ് സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പിന്നീട് പലതവണ സർവീസ് ആരംഭിക്കുന്ന തീയതികൾ പ്രഖ്യാപിച്ചിരുന്നു. അതും നടപ്പായില്ല. യാർഡും മുറ്റവും ഇന്റർലോക്ക് ചെയ്യുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ സർവീസുകൾ ഇവിടെ നിന്ന് ആരംഭിക്കാനായില്ല. ശബരിമല തീർത്ഥാടന സമയത്ത് കെ.എസ്.ആർ.ടി.സിയുടെ ശബരിമല ഹബ് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി വീണ്ടും ഒരു ഉദ്ഘാടനം നടത്തി. കെ സ്വിഫ്റ്റ് സർവീസുകൾ ഇവിടെ നിന്ന് ആരംഭിക്കുകയും ചെയ്തു. 15ന് നടക്കുന്ന ഉദ്ഘാടനത്തോടെ എല്ലാ സർവീസുകളും ടെർമിനലിൽ നിന്ന് ആരംഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ദീർഘദൂര ബസുകൾ പാർക്ക് ചെയ്യുന്നത് ടെർമിനലിലാണ്. ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി 2015ലാണ് കെ.എസ്.ആർ.ടി.സി ഒാപ്പറേറ്റിംഗ് ഡിപ്പോ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. ഒൻപത് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ നിർമ്മിച്ചത്.
കെ.എസ്.ആർ.ടി.സി ടെർമിനലിലെ കടമുറികൾ ലേലത്തിന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും നൽകിയില്ല. കഴിഞ്ഞ മാസം 31ആയിരുന്നു അവസാന തീയതി. വീണ്ടും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഇൗ മാസം 15ന് തുറക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ബസ് സർവീസുകൾ ആരംഭിക്കാത്തതു കൊണ്ടാണ് കഴിഞ്ഞ മാസം ടെൻഡറുകൾ ഇല്ലാതിരുന്നതെന്ന് അറിയുന്നു. കടമുറികൾ ലേലത്തിൽ എടുത്താലും സർവീസ് ആരംഭിച്ചില്ലെങ്കിൽ കച്ചവടം നഷ്ടത്തിലാകുമെന്ന് വ്യാപാരികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. 2700ചതുരശ്ര അടിയിൽ 34 കടമുറികളാണ് ലേലം ചെയ്യുന്നത്.
- പുതിയ ടെർമിനലിന്
ചെലവ് 9കോടി