പത്തനംതിട്ട : നഗരസഭയുടെ അധീനതയിലുള്ള ജില്ലാ സ്റ്റേഡിയം നിബന്ധനകൾക്ക് വിധേയമായി മാത്രം പരിപാടികൾക്ക് നൽകുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. സ്റ്റേഡിയം പലപരിപാടികൾക്ക് നൽകുകയും പരിപാടി നടത്തുന്നവർ ട്രാക്കും ഗ്രൗണ്ടും നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യണമെന്ന് കാട്ടി യു.ഡി . എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചചെയ്തത്. നഗരസഭ കൗൺസിലർമാരുടെയും നഗരസഭ സ്പോർട്സ് കൗൺസിലിന്റെയും അഭിപ്രായം അനുസരിച്ചായിരിക്കും മാനദണ്ഡം നിശ്ചയിക്കുക. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പരാജയമാണെന്നും കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നതായും യു .ഡി .എഫ് കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. നഗരസഭ ബസ് സ്റ്റാൻഡിലെ ബസുകളുടെ ഫീസ് പിരിവുമായി ബന്ധപ്പെട്ട ഓഫർ ക്ഷണിച്ചതിൽ ലഭിച്ച ഓഫർ തുക വളരെ കുറവാണെന്നും സ്റ്റാൻഡിൽ കയറിയിറങ്ങുന്ന ബസുകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും യു .ഡി .എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ അവഗണിച്ച് ഓഫർ അംഗീകരിച്ചു. 12 ലക്ഷം രൂപയ്ക്ക് പോയിരുന്ന ലേലം നാലരലക്ഷം രൂപയ്ക്ക് അംഗീകരിച്ചതിൽ പ്രതിഷേധിച്ച് യു .ഡി .എഫ് വിയോജനകുറിപ്പ് രേഖപ്പെടുത്തി. യു. ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, എ. സുരേഷ് കുമാർ , അഡ്വ. റോഷൻ നായർ , സി.കെ. അർജുനൻ , റോസ്ലിൻ സന്തോഷ്, സിന്ധു അനിൽ, ആനി സജി , ആൻസി തോമസ്, മേഴ്സി വർഗീസ് , കെ .ആർ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.